സ്വതന്ത്ര സമിതിയുമായി കോടതി ; അന്വേഷണസമിതി അം​ഗങ്ങളെ നിശ്ചയിച്ചത് നേരിട്ട്



ന്യൂഡൽഹി ‘അധികം അറിയപ്പെടാതിരിക്കുകയും മാധ്യമങ്ങളിൽ മുഖം വരാതിരിക്കുകയും ചെയ്യുന്ന ജഡ്‌ജിമാരാണ്‌ നല്ല ജഡ്‌ജിമാരെ’ന്ന്‌  സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ പറഞ്ഞത് മുൻ ജഡ്‌ജി രാജീവ്‌ വരദരാജുലു രവീന്ദ്രൻ എന്ന ആർ വി രവീന്ദ്രനെ കുറിച്ചാണ്.  കേന്ദ്രസർക്കാര്‍ നിർദേശിക്കാറുള്ള പേരുകള്‍ ഒഴിവാക്കിയാണ്‌ ആ ‘നല്ല ജഡ്‌ജി’യെ പെ​ഗാസസ് ചാരപ്പണി അന്വേഷിക്കുന്ന സ്വതന്ത്രസമിതിയുടെ മേൽനോട്ടത്തിന് ചീഫ്ജസ്റ്റിസ് ചുമതലപ്പെടുത്തിയത്. സ്വതന്ത്രരും പ്രാപ്‌തിയുള്ളവരുമായ അംഗങ്ങളെ കണ്ടെത്താൻ ഏറെ പരിശ്രമിച്ചെന്ന് കോടതി പറഞ്ഞു.  സ്വന്തംനിലയ്‌ക്ക്‌ ചുരുക്കപ്പട്ടിക തയ്യാറാക്കിയാണ്‌ മൂന്നംഗ വിദ​ഗ്ധസമിതിയെയും സാങ്കേതികസമിതിയെയും സുപ്രീംകോടതി രൂപീകരിച്ചത്‌. ആർ വി രവീന്ദ്രൻ  1993ൽ കർണാടക ഹൈക്കോടതി സ്ഥിരംജഡ്‌ജിയും 2003ൽ മധ്യപ്രദേശ്‌ ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസുമായി. 2005ൽ സുപ്രീംകോടതി ജഡ്‌ജി, 2011 ൽ വിരമിച്ചു. ഒബിസി സംവരണം, കൃഷ്‌ണാ–-ഗോദാവരി നദീതട തർക്കം, ബോംബെ സ്‌ഫോടനം തുടങ്ങി പ്രധാനകേസുകളില്‍ വിധിപറഞ്ഞു. മറ്റൊരം​ഗമായ 1976 ബാച്ച്‌ ഐപിഎസ്‌ ഉദ്യോഗസ്ഥൻ അലോക്‌ജോഷി  ഇന്റലിജൻസ്‌ ബ്യൂറോ ജോയിന്റ്‌ ഡയറക്ടർ, റോ സെക്രട്ടറി, നാഷണൽ ടെക്‌നിക്കൽ റിസർച്ച്‌ ഓർഗനൈസേഷൻ ചെയർമാൻ പദവികൾ വഹിച്ചു. ആഗോള പ്രശസ്‌തനായ സൈബർസുരക്ഷാ വിദഗ്‌ധൻ ഡോ. സന്ദീപ്‌ ഒബ്‌റോയ്‌യും മേൽനോട്ടസമിതിയിലുണ്ട്‌. സാങ്കേതികസമിതിയിലെ മൂന്ന്‌പേരും പ്രതിഭ തെളിയിച്ചവരാണ്‌. ദേശീയ ഫോറൻസിക്‌സ്‌ സയൻസസ്‌ സർവകലാശാല പ്രൊഫസറും ഡീനുമായ ഡോ. നവീൻകുമാർ ചൗധ്‌രി രണ്ട്‌ പതിറ്റാണ്ടിലേറെ സൈബർ സുരക്ഷാമേഖലയിലുണ്ട്‌. കേരളത്തിലെ അമൃത വിശ്വവിദ്യാപീഠം സ്‌കൂൾ ഓഫ്‌ എൻജിനിയറിങ് പ്രൊഫസർ ഡോ. പ്രഭാഹരൻ പൂർണചന്ദ്രന്‌ കംപ്യൂട്ടർ സയൻസ്‌, സുരക്ഷാ മേഖലകളിൽ രണ്ട്‌ പതിറ്റാണ്ടിന്റെ പരിചയമുണ്ട്‌. ബോംബെ ഐഐടി കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ എൻജിയറിങ് ഇൻസ്‌റ്റിറ്റ്യൂട്ട്‌ ചെയർ പ്രൊഫസറായ അശ്വിൻ ഗുമസ്‌തെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരം നേടിയ ഗവേഷകനാണ്‌. അന്വേഷണ സമിതിയിൽ മലയാളിയും പെഗാസസ്‌ ഫോൺ ചോർത്തൽ അന്വേഷണത്തിന്‌ സുപ്രീംകോടതി നിയമിച്ച വിദഗ്‌ദസമിതിയിൽ മലയാളിയായ പ്രൊഫസര്‍ പ്രഭാഹരന്‍ പൂര്‍ണചന്ദ്രനും. കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിലെ സെന്റർ ഫോർ ഇന്റർനെറ്റ്‌ സ്‌റ്റഡീസ്‌  ആൻഡ്‌ ആർടിഫിഷ്യൽ ഇന്റലിജൻസ്‌ (സിഐഎസ്‌എഐ) ഡയറക്ടറാണ്‌ അദ്ദേഹം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ  കുടുംബവേരുള്ള ഈ അമ്പതുകാരൻ പഠിച്ചത്‌ ചെന്നൈയില്‍. ഡോക്ടറേറ്റ്‌ നേടിയശേഷം അമേരിക്കൻ കമ്പനിയിൽ സൈബർ സെക്യൂരിറ്റി വിഭാഗം ചുമതലക്കാരനായി. 20 വർഷമായി അമൃത വിശ്വവിദ്യാപീഠത്തിലുണ്ട്‌. കംപ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകളിലും (malware) പൂജ്യം, ഒന്ന്‌ അക്കങ്ങൾ മാത്രം ഉപയോഗിച്ച്‌ കംപ്യൂട്ടറിൽ വിവരങ്ങൾ സംഭരിക്കുന്ന സമ്പ്രദായത്തിലും (binnary) വിശദപഠനം നടത്തി.  ഇന്റർനെറ്റിലെ സങ്കീർണ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കണ്ടെത്തുന്നതിലും വിദഗ്‌ദനാണ്‌. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിആർഡിഒയുടെ അക്കാദമിക്‌ എക്‌സലൻസി ഉൾപ്പെടെ നിരവധി അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. സ്വകാര്യത എല്ലാവരുടെയും 
അവകാശം സ്വകാര്യതയ്‌ക്കുള്ള അവകാശം രാജ്യത്തെ എല്ലാ പൗരർക്കുമുണ്ടെന്ന്‌ സുപ്രീംകോടതി. ‘മാധ്യമ പ്രവർത്തകർക്കോ സാമൂഹ്യ പ്രവർത്തകർക്കോ മാത്രമല്ല, രാജ്യത്തെ എല്ലാ പൗരർക്കും സ്വകാര്യതയ്‌ക്ക്‌ അവകാശമുണ്ട്‌. അത്‌ ലംഘിക്കുന്നുണ്ടെങ്കിൽ പ്രതിരോധിക്കപ്പെടണം. സ്വകാര്യതയ്ക്കുള്ള അവകാശമുണ്ടെന്ന തിരിച്ചറിവാണ്‌ സ്വത്രന്ത്രമായ തെരഞ്ഞെടുപ്പുകൾ നടത്താൻ വ്യക്തികളെ പ്രേരിപ്പിക്കുന്നത്‌’–- പെഗാസസിൽ അന്വേഷണത്തിന്‌ ഉത്തരവിട്ടുള്ള വിധിന്യായത്തിൽ ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ ചൂണ്ടിക്കാണിച്ചു. Read on deshabhimani.com

Related News