ബജറ്റ്‌ സമ്മേളനം രണ്ടാംഘട്ടം ഇന്നു മുതൽ ; പാർലമെന്റ്‌ പ്രക്ഷുബ്‌ധമാകും



ന്യൂഡൽഹി തിങ്കളാഴ്‌ച തുടങ്ങുന്ന പാർലമെന്റ്‌ ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാംഘട്ടവും പ്രക്ഷുബ്‌ധമാകും. അദാനിഗ്രൂപ്പിന്റെ തട്ടിപ്പിനെ കുറിച്ചുള്ള ഹിൻഡൻബർഗ്‌ വെളിപ്പെടുത്തലുകളിൽ കേന്ദ്രസർക്കാർ മൗനം തുടരുന്നത്‌ പ്രതിപക്ഷം ഉന്നയിക്കും. കേന്ദ്ര ഏജൻസികളെ പ്രതിപഷ നേതാക്കൾക്കെതിരെ ഉപയോഗിക്കുന്നു, പാചകവാതക വിലക്കയറ്റം, കുതിച്ചുയരുന്ന തൊഴിലില്ലായ്‌മ നിരക്ക്‌ തുടങ്ങിയ വിഷങ്ങളും ഉയർത്തും. ത്രിപുരയിൽ തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിനുശേഷമുള്ള ബിജെപി കടന്നാക്രമണങ്ങൾ  ഇടതുപക്ഷം ഉന്നയിക്കും.അതേസമയം, രാഹുൽ ഗാന്ധി വിദേശത്ത്‌ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ ആയുധമാക്കാനാണ്‌ ബിജെപിനീക്കം. രാഹുലിന്റെ കേംബ്രിഡ്‌ജ്‌ പ്രസംഗത്തിനെതിരെ ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. ചിലർ വിദേശത്ത്‌ പോയി അസത്യപ്രസ്‌താവനകൾ നടത്തുന്നത്‌ വേദനാജനകമാണെന്നായിരുന്നു ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻഖറിന്റെ പ്രതികരണം. രാജ്യസഭാചെയർമാൻ കേന്ദ്രസർക്കാരിന്റെ ആർപ്പുവിളിക്കാരനായി മാറിയെന്ന്‌ കോൺഗ്രസ്‌ തിരിച്ചടിച്ചു. ഇരുസഭയിലായി മുപ്പത്തഞ്ചോളം ബില്ലുകൾ പരിഗണനയിലുണ്ട്‌. സമ്മേളനം തുടങ്ങുന്നതിന്‌ മുന്നോടിയായി രാജ്യസഭാ അധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖറിന്റെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം വിളിച്ചുചേർത്തു. സിപിഐ എം രാജ്യസഭാകക്ഷി നേതാവ്‌ എളമരം കരീം പങ്കെടുത്തു. സമ്മേളന നടപടികൾ സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കണമെന്ന്‌ ജഗദീപ്‌ധൻകർ അഭ്യർഥിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉന്നയിക്കാനും ചർച്ച ചെയ്യാനുമുള്ള അവസരവും സാവകാശവും നൽകണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News