ആശുപത്രിയിലും ജാതി വിവേചനം; ദളിത് രോഗികളെ കൈപിടിച്ച് പരിശോധിക്കാന്‍ മടിയുള്ളവര്‍ ഉണ്ടെന്ന് ഓക്‌സ്ഫാം ഇന്ത്യ റിപ്പോര്‍ട്ട്‌



ന്യൂഡൽഹി > ഇന്ത്യയിലെ ആശുപത്രികളിൽ മത–- ജാതി വിവേചനം രൂക്ഷമെന്ന്‌ ഓക്‌സ്‌ഫാം ഇന്ത്യ സർവേ റിപ്പോർട്ട്‌. 22 ശതമാനം പട്ടികവർഗക്കാരും 21 ശതമാനം പട്ടികജാതിക്കാരും 15 ശതമാനം ഒബിസി വിഭാഗക്കാരും ആശുപത്രികളിൽ ജാതിവിവേചനം നേരിടുന്നതായി പ്രതികരിച്ചു. ആശുപത്രിയിൽ മതപരമായ വിവേചനം നേരിട്ടെന്ന്‌ 33 ശതമാനം മുസ്ലിങ്ങളും അഭിപ്രായപ്പെട്ടു. 2021  ഫെബ്രുവരി- ഏപ്രിൽ കാലയളവിൽ  28 സംസ്ഥാനത്തും അഞ്ച്‌ കേന്ദ്രഭരണ പ്രദേശത്തുമായി 3890 പേർ സർവേയിൽ പങ്കെടുത്തു. മനുഷ്യാവകാശ കമീഷന്റെ ചട്ടം പാലിക്കപ്പെടുന്നുണ്ടോ എന്നറിയാനായിരുന്നു സർവേ. പുരുഷ ഡോക്ടർമാർ സ്‌ത്രീരോഗികളുടെ ശരീര പരിശോധന നടത്തേണ്ടത്‌ മറ്റൊരു സ്‌ത്രീയുടെ സാന്നിധ്യത്തിൽ വേണമെന്നാണ്‌ ചട്ടം. ഇങ്ങനെയല്ല നടക്കുന്നതെന്ന്‌ 35 ശതമാനം സ്‌ത്രീകൾ  പ്രതികരിച്ചു. അസുഖം വിശദീകരിക്കാതെയാണ്‌ 74 ശതമാനം ഡോക്ടർമാരും മരുന്നെഴുതുന്നതെന്നും കണ്ടെത്തി. രോഗികൾക്കായുള്ള ചട്ടം പാലിക്കപ്പെടുന്നെന്ന്‌ ഉറപ്പാക്കാൻ സർക്കാർ പ്രത്യേക സംവിധാനം കൊണ്ടുവരണമെന്ന്‌ ഓക്‌സ്‌ഫാം നിർദേിച്ചു. പരാതി പരിഹാരത്തിനും ഇടംവേണം. ഡോക്ടർമാർക്കിടയിൽ തൊട്ടുകൂടായ്‌മ ശക്തമാണെന്നും പലപ്പോഴും ദളിത്‌ രോഗികളുടെയും മറ്റും കൈപിടിച്ച്‌ നാഡിമിടിപ്പ്‌ പരിശോധിക്കാനും മറ്റും മടി കാട്ടാറുണ്ടെന്നും ഓക്‌സ്‌ഫാമിൽ ആരോഗ്യ–- വിദ്യാഭ്യാസ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അഞ്‌ജലി തനേജ പറഞ്ഞു. Read on deshabhimani.com

Related News