സ്‌ത്രീകൾക്ക്‌ വേതനം കുറയാൻ 
കാരണം വിവേചനം ; ഓക്‌സ്‌ഫാം ഇന്ത്യ റിപ്പോർട്ട്‌



ന്യൂഡൽഹി മികച്ച വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തിപരിചയവും നേടിയ സ്‌ത്രീകളും രാജ്യത്തെ തൊഴിൽകമ്പോളത്തിൽ വിവേചനം നേരിടുന്നുവെന്ന്‌ ഓക്‌സ്‌ഫാം ഇന്ത്യ റിപ്പോർട്ട്‌. സമൂഹത്തിന്റെയും തൊഴിലുടമകളുടെയും മുൻവിധിയാണ്‌ കാരണം. വിവേചനമാണ്‌  സ്‌ത്രീകളുടെ വേതനം കുറയാന്‍  മുഖ്യകാരണം. 67 ശതമാനം കേസിലും ഇതാണ്‌ സ്ഥിതി. വിദ്യാഭ്യാസയോഗ്യതയിലെയും പ്രവൃത്തിപരിചയത്തിലെയും പിന്നാക്കാവസ്ഥ കാരണം ശമ്പളത്തിൽ കുറവുണ്ടാകുന്നത്‌ 33 ശതമാനം പേർക്ക്‌ മാത്രം–-റിപ്പോർട്ടിൽ പറഞ്ഞു. ജോലിയും തൊഴിലും സംബന്ധിച്ച്‌ 2004–-2005 മുതൽ 2019–-2020 വരെയുള്ള സർക്കാർ കണക്കുകളുടെ അടിസ്ഥാനത്തിലാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. 2004–-2005ലെ ദേശീയ സാമ്പിൾ സർവേ റിപ്പോർട്ട്‌, 2018–-2019ലെയും 2019–-2020ലെയും പീരിയോഡിക്‌ ലേബർ ഫോഴ്‌സ്‌ സർവേ, അഖിലേന്ത്യ വായ്‌പ–-നിക്ഷേപ സർവേ റിപ്പോർട്ടുകൾ എന്നിവ ഇതിനായി പരിഗണിച്ചു. കേന്ദ്ര സ്ഥിതിവിവരക്കണക്ക്‌ മന്ത്രാലയത്തിന്റെ  കണക്കുപ്രകാരം  2020 –20-21ൽ സ്‌ത്രീകളുടെ തൊഴിൽപങ്കാളിത്ത നിരക്ക്‌ 25.1 ശതമാനം മാത്രമാണ്‌. ഇന്ത്യക്ക്‌ പുറമെ  ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ അടങ്ങുന്ന ബ്രിക്‌സ്‌ രാജ്യങ്ങളുടെ കൂട്ടത്തിലെ ഏറ്റവും താഴ്‌ന്ന നിരക്കാണിത്‌. Read on deshabhimani.com

Related News