ഒമിക്രോൺ വകഭേദം: കരുതലോടെ രാജ്യം



ന്യൂഡൽഹി > കോവിഡ്‌ പുതിയ വകഭേദം ഒമിക്രോൺ ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാനങ്ങൾ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതലയോഗം ചേർന്ന്‌ സാഹചര്യം വിലയിരുത്തി. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്‌, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്‌, ന്യൂസിലൻഡ്‌, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളെ ആരോഗ്യമന്ത്രാലയം ‘ഹൈ റിസ്‌ക്‌’ പട്ടികയിൽ ഉൾപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളും യാത്രാനിയന്ത്രണവും പരിശോധനയും കർശനമാക്കി. ഡൽഹി: ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽനിന്നുള്ള വിമാനസർവീസുകൾ നിർത്തിവയ്‌ക്കണമെന്ന്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ ആവശ്യപ്പെട്ടു. വളരെ പ്രയാസപ്പെട്ടാണ്‌ കോവിഡ്‌ പ്രതിസന്ധിയിൽനിന്ന്‌ കരകയറിയത്‌. പുതിയ വകഭേദം രാജ്യത്ത്‌ പടരുന്നത്‌ തടയാൻ എല്ലാ നടപടിയും സ്വീകരിക്കണമെന്ന്‌ കെജ്‌രിവാൾ പറഞ്ഞു. തിങ്കളാഴ്‌ച ഡൽഹി സർക്കാർ പ്രത്യേക യോഗം വിളിച്ചു. മഹാരാഷ്ട്ര: ദക്ഷിണാഫ്രിക്കയിൽനിന്ന്‌ മുംബൈ വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാര്‍ക്ക് കോവിഡ്‌ പരിശോധന നടത്തും. സമ്പര്‍ക്കവിലക്കും ഏര്‍പ്പെടുത്തും. ചില സാമ്പിളുകൾ ജീനോം സ്വീക്വൻസിങ്ങിന് കൈമാറി. ഡിസംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ ആലോചിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ എല്ലാ വശവും പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം.  ഗുജറാത്ത്‌: ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്കോവിഡ്‌ പരിശോധനയുണ്ടാകും. വാക്‌സിനേഷൻ സർട്ടിഫിക്കറ്റില്ലാത്ത യാത്രക്കാർക്ക്‌ ആർടിപിസിആർ പരിശോധന നിർബന്ധം. വാക്‌സിനെടുത്തവർക്കും വിമാനത്താവളങ്ങളിൽ ആരോഗ്യപരിശോധന. തെലങ്കാന, തമിഴ്‌നാട്‌: ഹൈദരാബാദ്‌ രാജീവ്‌ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ നിരീക്ഷണം ശക്തമാക്കി.     Read on deshabhimani.com

Related News