മുന്നറിയിപ്പുകൾ അവഗണിച്ചു



ന്യൂഡൽഹി സുരക്ഷയിൽ ജാഗ്രത കാട്ടിയില്ലെങ്കിൽ വൻ ദുരന്തങ്ങളുണ്ടായേക്കുമെന്ന ഉന്നതതല റിപ്പോർട്ടുകളും മുന്നറിയിപ്പുകളും മോദി സർക്കാരും റെയിൽവേയും തുടർച്ചയായി അവഗണിച്ചു. ഡിസംബറിൽ പാർലമെന്റിൽവച്ച സിഎജി റിപ്പോർട്ടിൽ ട്രെയിനുകൾ തുടർച്ചയായി പാളംതെറ്റുന്നത്‌ ഗൗരവമായെടുക്കണമെന്നും അടിയന്തര നടപടികൾ എടുക്കണമെന്നും കേന്ദ്രത്തോട്‌ നിർദേശിച്ചിരുന്നു. സിഗ്‌നലിങ്‌ സംവിധാനത്തിലെ അപാകങ്ങൾ പരിഹരിച്ചില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്ന്‌ ചൂണ്ടിക്കാട്ടിയുള്ള  സൗത്ത്‌–-വെസ്‌റ്റ്‌ റെയിൽസോൺ പ്രിൻസിപ്പൽ ചീഫ്‌ ഓപ്പറേറ്റിങ്‌ മാനേജരുടെ കത്തും അവഗണിക്കപ്പെട്ടു. റെയിൽ സുരക്ഷ ഉറപ്പാക്കാൻ നടപ്പാക്കിയ റെയിൽ സുരക്ഷാനിധി പൂർണ പരാജയമായെന്ന്‌ സിഎജി ചൂണ്ടിക്കാട്ടുന്നു. മുൻഗണനാ ജോലികൾക്കായി നീക്കിവയ്‌ക്കുന്ന തുക 2017–-18 ൽ 81.55 ശതമാനം ആയിരുന്നത്‌ 2019–-20 ൽ 73.76 ശതമാനമായി. ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള നീക്കിയിരിപ്പ്‌ ഇതേ കാലയളവിൽ 9607.65 കോടിയിൽ നിന്ന്‌ 7417 കോടിയായി ചുരുങ്ങി. പടിഞ്ഞാറൻ റെയിൽവേ പാളങ്ങളുടെ അറ്റകുറ്റപ്പണികൾക്ക്‌ ചെലവഴിച്ചത്‌ ആകെ തുകയുടെ 3.01 ശതമാനം മാത്രം. പല സോണുകളും തുക വിനിയോഗിക്കാതെ മടക്കി നൽകി. പാളംതെറ്റലും കൂട്ടിയിടിയുമാണ്‌ 2017–-ൽ 2021 കാലയളവിലെ ആകെ റെയിൽ അപകടങ്ങളുടെ എൺപത്‌ ശതമാനം. ഒഴിവുകൾ നികത്താത്തതുമൂലം ജീവനക്കാർ കുറഞ്ഞതും സുരക്ഷാനിധി വിനിയോഗത്തിലെ പാളിച്ചയ്‌ക്ക്‌ കാരണമായി സിഎജി ചൂണ്ടിക്കാട്ടുന്നു. സുരക്ഷാവിഭാഗത്തിലടക്കം ആവശ്യത്തിന്‌ ജീവനക്കാർ ഇല്ലാത്തതിനാൽ പ്രവൃത്തികൾ ഏറ്റെടുക്കാനാകുന്നില്ല. ഇലക്‌ട്രോണിക്‌ ഇന്റർലോക്കിങ്‌ സംവിധാനത്തിലെയും സിഗ്‌നൽ സംവിധാനത്തിലെയും പാളിച്ചകൾ ചൂണ്ടിക്കാട്ടിയാണ്‌ പ്രിൻസിപ്പൽ ചീഫ്‌ ഓപ്പറേറ്റിങ്‌ മാനേജരുടെ കത്ത്‌. ഇന്റർലോക്കിങ്‌ പാളിച്ച കാരണം യശ്വന്ത്‌പുർ–- നിസാമുദ്ദീൻ സമ്പർക്കക്രാന്തി എക്‌സ്‌പ്രസ്‌ ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചേക്കാവുന്ന സാഹചര്യവും വിശദീകരിച്ചിരിക്കുന്നു. ദുഃഖം രേഖപ്പെടുത്തി യുഎൻ ഐക്യരാഷ്‌ട്രകേന്ദ്രം ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി യുഎൻ. നിരവധിപേരുടെ ജീവൻ നഷ്‌ടപ്പെട്ട ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്‌ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെയും ഇന്ത്യയിലെ ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും. പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഗുട്ടറസ്‌ പറഞ്ഞു. Read on deshabhimani.com

Related News