സിഗ്നൽ തെറ്റി ; പച്ച ലൈറ്റ്‌ കത്തിയിരുന്നതായി സ്ഥിരീകരണം



ന്യൂഡൽഹി രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ ദുരന്തത്തിന്‌ ഇടയാക്കിയത്‌ സിഗ്‌നൽ പിഴവ്‌. ഹൗറ–- കോറമാണ്ടൽ എക്‌സ്‌പ്രസിന്‌ തെറ്റായ സിഗ്‌നൽ ലഭിച്ചതായി പ്രാഥമിക നിഗമനം. സ്‌റ്റേഷനു സമീപം ചരക്ക്‌ ട്രെയിൻ കിടന്ന ലൂപ്പ്‌ ലൈനിലേക്ക്‌ ഹൗറ–- ചെന്നൈ കോറമാണ്ടൽ എക്‌സ്‌പ്രസ്‌ പ്രവേശിച്ചതാണ്‌ ദുരന്തത്തിന്‌ ഇടയാക്കിയത്‌. ലോക്കോ പൈലറ്റിന്‌ സ്വയം തീരുമാനിച്ച്‌ ലൈൻ മാറ്റാൻ കഴിയില്ല. പച്ച ലൈറ്റ്‌ കത്തിയിരുന്നതായി നാല്‌ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഹൗറ– കോറമാണ്ടൽ എക്‌സ്‌പ്രസ്‌ ചരക്കു ട്രെയിനിൽ ഇടിച്ചതിനുപിന്നാലെ ബംഗളൂരു യശ്വന്ത്‌പുർ ഹൗറ എക്സ്‌പ്രസിന്‌ സിഗ്‌നൽ നൽകിയത്‌ അപകടത്തിന്റെ വ്യാപ്‌തി പലമടങ്ങ്‌ വർധിക്കാനിടയാക്കിയ ഗുരുതര വീഴ്‌ചയായി. സിഗ്‌നൽ സംവിധാനവുമായി ബന്ധപ്പെട്ട ജോലികൾ ഭൂരിപക്ഷവും സ്വകാര്യവൽക്കരിച്ചിരിക്കയാണ്‌. കരാറുകാർ ദിവസക്കൂലിക്ക്‌ ആളെവച്ചാണ്‌ ജോലികൾ ചെയ്യിക്കുന്നത്‌. സിഗ്‌നൽ സംവിധാനം നവീകരിക്കാൻ റെയിൽവേ പണം മുടക്കുന്നില്ല. മൊത്തം റെയിൽവേ വിഹിതത്തിന്റെ 10 ശതമാനം മാത്രമാണ്‌ ഏറ്റവും പ്രധാനമായ സിഗ്‌നലിങ്‌ മേഖലയ്‌ക്ക്‌ നീക്കിവയ്‌ക്കുന്നത്‌. കൈമെയ് മറന്ന് 
രക്ഷാപ്രവര്‍ത്തകര്‍ 200 ആംബുലന്‍സുകള്‍, 50 ബസുകള്‍, 45 മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍, ആയിരത്തി ഇരുനൂറോളം പേരടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍‌. രാജ്യത്തെ നടുക്കിയ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കാതെ രാപകലില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് ബാലസോറില്‍ നാട്ടുകാരും ഉദ്യോ​ഗസ്ഥരുമടക്കമുള്ളവര്‍ നടത്തിയത്. വെള്ളിയാഴ്ച രാത്രി മുഴുവന്‍ നീണ്ട പരിശ്രമം ശനിയാഴ്ചയും തുടര്‍ന്നു. തകര്‍ന്ന കോച്ചുകള്‍ നീക്കം ചെയ്യാനും കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാനും ബോ​ഗിക്ക് അടിയില്‍പ്പെട്ട കോച്ചുകളെ ഉയര്‍ത്താനും ക്രെയിനുകളും ബുള്‍ഡോസറുകളും ഉപയോ​ഗിച്ചു. വിവിധ രക്ഷാസേനകള്‍ക്ക് പുറമെ, വ്യോമസേന എംഐ 17 ഹെലികോപ്റ്ററുകളും സജ്ജമാക്കിയിരുന്നു. ശനി ഉച്ചയോടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിച്ചത്. പിന്തുണ അറിയിച്ച്‌ 
ലോക രാജ്യങ്ങൾ രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ഇന്ത്യക്ക്‌ പിന്തുണ അറിയിച്ച്‌ ലോക രാഷ്‌ട്രങ്ങൾ. അപകടത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെ എന്നും റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്കും അതിജീവിച്ചവർക്കും പിന്തുണ നൽകുന്നുവെന്നും യുകെ പ്രധാനമന്ത്രി ഋഷി സുനക്‌ അറിയിച്ചു. ഇന്ത്യക്കാർക്കൊപ്പമുണ്ടെന്ന്‌ ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും  ട്രെയിൻ അപകടം അത്യന്തം സങ്കടകരമാണെന്ന്‌ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ്‌ ഷെരീഫും ട്വിറ്ററിൽ കുറിച്ചു. ഫ്രാൻസിസ്‌ മാർപാപ്പ , ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്, ഫ്രാൻസ്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോൺ,ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ശ്രീലങ്കൻ വിദേശമന്ത്രി അലി സാബ്രി, ഇറ്റലി ഉപപ്രധാനമന്ത്രി അന്തോണിയോ ടജാനി, ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടേ ഷെറിങ്‌ തുടങ്ങിയവരും ഇന്ത്യയിലുള്ള നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹലും അപകടത്തിൽ ഇന്ത്യക്ക്‌ പിന്തുണ അറിയിച്ചു. ജീവന്‍ തിരിച്ചു 
കിട്ടിയവരുമായി 
സ്പെഷ്യല്‍ ട്രെയിന്‍ ബാലസോറിലെ ട്രെയിന്‍ ദുരന്തത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയ 250 പേരുമായി ചെന്നൈയിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പുറപ്പെട്ടു. ബഹന​ഗ ബസാറില്‍ കുടുങ്ങിയ യാത്രക്കാരുമായി ഭദ്രകില്‍നിന്ന് തിരിച്ച പി/13671 നമ്പര്‍  ട്രെയിന്‍ ശനി രാത്രി 9.30ന് വിജയവാഡയിലും ഞായറോടെ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലുമെത്തും. നാലുപേര്‍ ഭേരംപുരിലും 41 പേര്‍ വിശാഖപട്ടണത്തും ഒരാള്‍ രാജമഹേന്ദ്രവാരത്തും രണ്ടുപേര്‍ തടപ്പല്ലി​ഗുഡത്തിലും 133 പേര്‍ചെന്നൈയിലും ഇറങ്ങും. ‘കവച്‌ ’: 2 ശതമാനം 
ട്രാക്കിൽമാത്രം ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടമൊഴിവാക്കാനുള്ള ‘കവച്‌’  സാങ്കേതിക സംവിധാനം രാജ്യത്തെ രണ്ടു ശതമാനം ട്രാക്കിൽമാത്രം. 2023 മാർച്ച്‌ 29 വരെയുള്ള കണക്കുപ്രകാരം 1455 കിലോ മീറ്ററിൽ മാത്രമാണ്‌ ഈ സംവിധാനമുള്ളത്‌. 2022–--23ൽ രാജ്യത്തെ 2000 കിലോമീറ്റർ റെയിൽ ശൃംഖല കവചിനു കീഴിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പദ്ധതിയിട്ടിരുന്നു. റെയിൽമന്ത്രി അശ്വിനി വൈഷ്‌ണവ്‌  കവച്‌ വീഡിയോ അവതരിപ്പിച്ചെങ്കിലും കുറഞ്ഞ റൂട്ടുകളിൽ മാത്രമാണ്‌ പ്രാവർത്തികമായത്‌. എന്താണ്‌ കവച്‌ ഒഡിഷയിൽ ട്രെയിനുകളിൽ ദുരന്തത്തിൽപ്പെട്ട റൂട്ടിലും ‘കവച്‌’ പ്രവർത്തന സജ്ജമായിരുന്നില്ല. ട്രാക്കിലും എഞ്ചിനിലുമായാണ്‌ സംവിധാനം ഒരുക്കുന്നത്‌. ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ച ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്‌ഷൻ (എടിപി) സംവിധാനം. റിസർച്ച്‌ ഡിസൈൻ ആൻഡ്‌ സ്റ്റാൻഡേർഡ്‌സ്‌ ഓർഗനൈസേഷനാണ്‌ (ആർഡിഎസ്‌ഒ) തദ്ദേശീയമായി കവച് വികസിപ്പിച്ചെടുത്തത്‌. റെയിൽവേയെ സംബന്ധിച്ചിടത്തോളം ഏറ്റവും ചെലവു കുറഞ്ഞതും ഉയർന്ന സുരക്ഷയുമുള്ള സംവിധാനമാണിത്. വിദേശത്ത്‌ ഉപയോഗിക്കുന്നതിനേക്കാൾ ചെലവു കുറഞ്ഞ സ്വയംനിയന്ത്രിത സംവിധാനമാണ്‌ കവച്‌. എൻജിൻ ഡ്രൈവർക്ക്‌ ബ്രേക്ക്‌ നിയന്ത്രണം നഷ്ടമാകുമ്പോൾ കൂട്ടിയിടി ഒഴിവാക്കാൻ ട്രെയിൻ ബ്രേക്കുകൾ സ്വയം പ്രവർത്തിക്കുന്നു. ഓട്ടത്തിനിടയിൽ രണ്ട്‌ എൻജിനുകൾ തമ്മിലുള്ള ദൂരവും വേഗവും കവച്‌ നിയന്ത്രിക്കുകയും തൽസമയ വിവരങ്ങൾ സ്‌റ്റേഷനിലെ കേന്ദ്രത്തിലേക്ക്‌ അയക്കുകയും ചെയ്യാൻ കഴിയും.     75 ട്രെയിൻ റദ്ദാക്കി തിരുവനന്തപുരം ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ 75 ട്രെയിൻ റദ്ദാക്കി.  42  ട്രെയിൻ വഴിതിരിച്ചുവിട്ടു. ചെന്നൈയിൽ എത്തേണ്ടതും പുറപ്പെടുന്നതുമായ ട്രെയിനുകളാണ്‌ റദ്ദാക്കിയവയിൽ ഏറെയും.  ഇത്‌ കേരളത്തിലേക്കുള്ള  യാത്രക്കാരെയും ബാധിച്ചു.  ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽനിന്ന്‌ പുറപ്പെടുന്ന ഏതാനും ട്രെയിനുകളും പുറപ്പെട്ടില്ല. ഞായറാഴ്‌ചയോടെ  ട്രെയിൻ ഗതാഗതം സാധാരണനിലയിലാകുമെന്ന്‌ റെയിൽവേ അധികൃതർ അറിയിച്ചു.    ശനി പകൽ 2.55 ന്‌ ഹൗറയിൽനിന്ന്‌ പുറപ്പെടേണ്ടിയിരുന്ന ഹൗറ–-എറണാകുളം അന്ത്യോദയ പ്രതിവാര എക്‌സ്‌പ്രസ്‌ ( 22877),  തിരുവനന്തപുരത്തുനിന്നുള്ള   തിരുവനന്തപുരം സെൻട്രൽ–- ഷാലിമാർ സൂപ്പർഫാസ്‌റ്റ്‌  എക്‌സ്‌പ്രസ്‌ (22641) എന്നിവയും റദ്ദാക്കിയവയിലുണ്ട്‌. കന്യാകുമാരിയിൽനിന്ന്‌ പുറപ്പെട്ട കന്യാകുമാരി–ദിബ്രുഗഡ്‌ വിവേക്‌ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22503) ജാർസുഗുഡയിലൂടെ വഴിതിരിച്ചുവിട്ടു.   Read on deshabhimani.com

Related News