നൂപുറിനെ പുറത്താക്കാൻ കൂട്ടാക്കാതെ ബിജെപി



ന്യൂഡൽഹി> സുപ്രീംകോടതി രൂക്ഷവിമർശമുയർത്തിയിട്ടും പ്രവാചകനിന്ദ നടത്തിയ ദേശീയ വക്താവ്‌ നൂപുർ ശർമയെ പുറത്താക്കാൻ കൂട്ടാക്കാതെ ബിജെപി. സസ്‌പെൻഷനിൽ മാത്രമാണ്‌ നൂപുർ ശർമ. ജൂൺ ആദ്യവാരമായിരുന്നു സസ്‌പെൻഷൻ. ഒരു മാസം പിന്നിട്ടിട്ടും നൂപുറിനെതിരായ അന്വേഷണം എവിടെയും എത്തിയിട്ടില്ല. ആരാണ്‌ അന്വേഷിക്കുന്നതെന്നോ അന്വേഷണപുരോഗതി എന്തെന്നോ ബിജെപി നേതൃത്വം വെളിപ്പെടുത്തിയിട്ടുമില്ല. നൂപുറിനെതിരെ കേസെടുക്കാത്ത ഡൽഹി പൊലീസിനെയും സുപ്രീംകോടതി വിമർശിച്ചിട്ടുണ്ട്‌. പ്രവാചകനിന്ദാ വിഷയത്തിൽ പ്രതിഷേധിച്ചതിന്‌ യുപിയിൽ നിരവധി പേരുടെ വീട്‌ ഇടിച്ചുനിരത്തപ്പെട്ടു. നൂറുക്കണക്കിനാളുകൾ അറസ്റ്റിലായി. ഗുജറാത്ത്‌ വംശഹത്യ കേസിൽ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ടീസ്‌ത സെതൽവാദിനെയും മുൻ ഡിജിപി ആർ ബി ശ്രീകുമാറിനെയും ഗുജറാത്ത്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. നാലുവർഷംമുമ്പുള്ള ട്വീറ്റിന്റെ പേരിൽ ആൾട്ട്‌ ന്യൂസ്‌ സ്ഥാപകൻ മൊഹമ്മദ്‌ സുബൈറിനെയും കഴിഞ്ഞ ദിവസം ഡൽഹി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. എന്നാൽ, നൂപുർ ശർമയ്‌ക്കും പ്രവാചകനിന്ദ നടത്തിയ മറ്റൊരു ബിജെപി നേതാവ്‌ നവീൻകുമാർ ജിണ്ടാലിനുമെതിരായി ഒരു നടപടിയുമുണ്ടായില്ല. Read on deshabhimani.com

Related News