എൻആർസി അന്തിമമെന്ന്‌ അസം ട്രിബ്യൂണൽ



ഗുവാഹത്തി ദേശീയ പൗരത്വ രജിസ്‌റ്റർ (എൻആർസി) അന്തിമമാണെന്ന്‌ അസമിലെ ഫോറിനേഴ്‌സ്‌ ട്രിബ്യൂണലിന്റെ (എഫ്‌ടി) ഉത്തരവ്‌. 2019 ആഗസ്‌ത് 31ന്‌ പ്രസിദ്ധീകരിച്ച എൻആർസി രജിസ്‌ട്രാർ ജനറൽ ഓഫ്‌ ഇന്ത്യ വിജ്ഞാപനം ചെയ്‌തിട്ടില്ല. എന്നാൽ, എൻആർസി അന്തിമമാണെന്ന്‌ നിരീക്ഷിച്ച ട്രിബ്യൂണൽ പട്ടികയിലുൾപ്പെട്ടയാൾ വിദേശിയാണെന്ന പരാതി തള്ളി. കരിംഗഞ്ചിലെ എഫ്‌ടി രണ്ടിലെ അംഗം ശിശിർ ദേയാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ജാമിരാല ഗ്രാമത്തിലെ ബിക്രം സിൻഘ സംശയാസ്പദമായ വോട്ടറാണെന്ന പരാതിയാണ്‌ പരിഗണിച്ചത്‌. എൻആർസിയിൽ ബിക്രം സിൻഘയുടെ പേര് ഉൾപ്പെട്ടത്‌ കുടുംബാംഗങ്ങളുമായുള്ള ബന്ധം സ്ഥാപിക്കുന്നതും ഇന്ത്യൻ പൗരനാണെന്നതിന്റെ തെളിവാണെന്നും 10ന്‌ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. 1972 മുതൽ 29 വർഷം വ്യോമസേനയിൽ അംഗമായിരുന്നു സിൻഘയുടെ അച്ഛൻ. മുത്തച്ഛന്റെ പേരിൽ 1968ലെ വസ്‌തുവിന്റെ രേഖയുമുണ്ട്‌. ഇതൊക്കെ, പൗരത്വത്തിനുള്ള തെളിവാണെന്ന്‌ സിൻഘയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. എഫ്‌ടിയിൽ കേസുള്ള വ്യക്തിയുടെ പേര്‌ എൻആർസിയിൽ ഉൾപ്പെടുത്താനാകില്ലെന്നും എൻആർസി അന്തിമമാണെന്ന നിരീക്ഷണം ശരിയല്ലെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. 2015ൽ തുടങ്ങിയ എൻആർസി നടപടി പൂർത്തീകരിച്ച്‌ അന്തിമ പട്ടിക 2019ലാണ്‌ പ്രസിദ്ധീകരിച്ചത്‌. 19 ലക്ഷത്തിലധികം പേരാണ്‌ പട്ടികയ്‌ക്ക്‌ പുറത്തായത്‌. Read on deshabhimani.com

Related News