യുപിയിൽനിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിക്കാൻ നിതീഷ്‌ കുമാർ



ന്യൂഡൽഹി ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌ കുമാർ ഉത്തർപ്രദേശിൽനിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിച്ചേക്കും. നിതീഷിന്‌ ഏതു മണ്ഡലത്തിൽനിന്നും മത്സിക്കാമെന്ന്‌ എസ്‌പി അധ്യഷൻ അഖിലേഷ്‌ യാദവിന്റെ വാഗ്‌ദാനം ജെഡിയു ദേശീയ പ്രസിഡന്റ്‌ രാജീവ് രഞ്ജൻ സിങ്‌ സ്ഥിരീകരിച്ചു. തീരുമാനം ശരിയായ സമയത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഫുൽപുർ, അംബേദ്‌കർ നഗർ, മിർസാപുർ മണ്ഡലങ്ങളിൽനിന്ന്‌ ഏതെങ്കിലും ഒന്നിൽ നിതീഷിനെ മത്സരിപ്പിക്കാമെന്നാണ്‌ ജെഡിയു കണക്കുകൂട്ടുന്നത്‌. ഈ മാസം അഞ്ചിന്‌ പട്‌നയിൽ സമാപിച്ച പാർടി ദേശീയ എക്‌സിക്യൂട്ടീവിലും യുപിയിൽനിന്ന്‌ നിതീഷ്‌ ജനവിധി തേടണമെന്ന്‌ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. അലഹബാദിൽ ഉൾപ്പെടുന്നതും അവധ്‌ ബെൽറ്റിലെ പ്രധാന മണ്ഡലവുമായ ഫുൽപുരിനാണ്‌ സാധ്യത കൂടുതൽ. നിലവിൽ ബിജെപിക്ക്‌ 65 എംപിമാരാണ്‌ യുപിയിൽ ഉള്ളത്‌. നിതീഷും അഖിലേഷും ഒന്നിച്ചാൽ ഇത്‌ 15–-20 സീറ്റിലേക്ക്‌ ബിജെപിയെ ഒതുക്കാമെന്നും രഞ്ജൻ സിങ്‌ വ്യക്തമാക്കി.   എന്നാൽ, ഫുൽപുരിൽനിന്ന്‌ മത്സരിച്ചാൽ നിതീഷിന്‌ കെട്ടിവച്ച കാശുപോലും കിട്ടില്ലെന്ന്‌ ബിജെപി നേതാവ്‌ സുശീൽ കുമാർ മോദി പരിഹസിച്ചു. 25ന്‌ ഹരിയാനയിലെ ഫത്തേബാദിൽ ഐഎൻഎൽഡി നടത്തുന്ന മഹാറാലിയിൽ പ്രതിപക്ഷ നേതാക്കൾക്കൊപ്പം നിതീഷും പങ്കെടുക്കുന്നുണ്ട്‌. Read on deshabhimani.com

Related News