ബിഹാർ മഹാസഖ്യ സർക്കാർ ; 24ന്‌ വിശ്വാസവോട്ട്‌ ;സ്ഥാനമൊഴിയാന്‍ കൂട്ടാക്കാത്ത സ്പീക്കര്‍ വിജയ്‌കുമാർ 
സിൻഹയ്ക്കെതിരെ ആദ്യം അവിശ്വാസം



ന്യൂഡൽഹി ബിഹാറിൽ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം സർക്കാർ 24ന്‌ വിശ്വാസവോട്ട്‌ തേടും. ബുധനാഴ്‌ച സത്യപ്രതിജ്ഞയ്‌ക്ക്‌ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ്‌ തീരുമാനം. 16ന്‌ മന്ത്രിസഭാ വിപുലീകരണമുണ്ടാകും. സ്‌പീക്കർ വിജയ്‌കുമാർ സിൻഹ രാജിവയ്‌ക്കാൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ സ്‌പീക്കർക്കെതിരായി ഭരണമുന്നണിക്ക്‌ അവിശ്വാസപ്രമേയം കൊണ്ടുവരേണ്ടിവരും. ആർജെഡി, ജെഡിയു, കോൺഗ്രസ്, ഇടതുപക്ഷം എന്നിവ ഉൾപ്പെട്ട മഹാസഖ്യത്തിന്‌ സഭയിൽ 164 അംഗങ്ങളുണ്ട്‌. പ്രതിപക്ഷത്ത്‌ 77 ബിജെപി അംഗങ്ങളും ഒരു എഐഎംഐഎം അംഗവും. സ്‌പീക്കർ രാജിവയ്‌ക്കാൻ കൂട്ടാക്കാത്തതിനാലാണ് വിശ്വാസവോട്ടിനായുള്ള സമ്മേളനം 24ലേക്ക്‌ നീട്ടിയത്. സ്‌പീക്കർക്കെതിരായി അവിശ്വാസം കൊണ്ടുവരണമെങ്കിൽ അമ്പത്‌ എംഎൽഎമാർ ഒപ്പിട്ട പ്രമേയം നിയമസഭാ സെക്രട്ടറിക്ക്‌ സമർപ്പിക്കണം. സമർപ്പിച്ച്‌ രണ്ടാഴ്‌ചയ്‌ക്കുശേഷം മാത്രമാണ്‌ പ്രമേയം പരിഗണിക്കാനാകുക. സമ്മേളനത്തിൽ ആദ്യം സ്‌പീക്കർക്കെതിരായ പ്രമേയം പരിഗണിക്കും. പ്രമേയം വോട്ടിടുമ്പോള്‍ ഡെപ്യൂട്ടി സ്‌പീക്കറാണ്‌ സഭ നിയന്ത്രിക്കേണ്ടത്‌. ജെഡിയുവിന്റെ മഹേശ്വർ ഹസാരിയാണ്‌ ഡെപ്യൂട്ടി സ്‌പീക്കർ. നിയമസഭ വിളിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി കത്ത്‌ നൽകിയിട്ടുണ്ടെന്ന്‌ സ്‌പീക്കർ വിജയ്‌കുമാർ സിൻഹ പ്രതികരിച്ചു.  കേന്ദ്രഏജൻസികൾ ഇടയ്‌ക്കിടെ വന്ന്‌ ബുദ്ധിമുട്ടേണ്ടതില്ലെന്നും തന്റെ വസതിയിൽ ഒരു ഓഫീസ്‌ തുറന്ന്‌ പ്രവർത്തിക്കാമെന്നും ഉപമുഖ്യമന്ത്രി തേജസ്വി യാദവ് കേന്ദ്രത്തെ പരിഹസിച്ചു.   Read on deshabhimani.com

Related News