ഡൽഹി ഓർഡിനൻസിനെ അവസരമാക്കാൻ പ്രതിപക്ഷം: എഎപി സുപ്രീംകോടതിയിലേയ്‌ക്ക്‌



ന്യൂഡൽഹി> തെരഞ്ഞെടുക്കപ്പെട്ട ഡൽഹി സർക്കാരിന്‌ നിർണായക അധികാരങ്ങൾ നൽകിയ സുപ്രീംകോടതി വിധി വെട്ടാൻ  പ്രത്യേക ഓർഡിനൻസ്‌ പുറപ്പെടുവിച്ച കേന്ദ്ര നീക്കത്തെ പ്രതിപക്ഷ ഐക്യത്തിനായി ഉപയോഗിക്കാൻ കക്ഷികൾ.  ഞായർ രാവിലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ ഡൽഹിയിലെത്തി കണ്ട ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ, കെജ്രിവാളിന്‌ പൂർണ പിന്തുണ പ്രഖ്യാപിച്ചു. തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന്‌ അധികാരം എങ്ങനെ എടുത്തുകളയാനാകുമെന്ന്‌ ചോദിച്ച നിതീഷ്‌, കേന്ദ്ര നീക്കം ഭരണഘടന വിരുദ്ധമാണെന്നും ബിജെപിക്കെതിരെ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി അണിനിരത്തുമെന്നും മാധ്യമങ്ങളോട്‌ വ്യക്തമാക്കി. ഓർഡിനൻസ്‌ ബില്ലായി രാജ്യസഭയിൽ എത്തുമ്പോൾ ബിജെപി ഇതര കക്ഷികൾ ചേർന്ന്‌ പരാജയപ്പെടുത്തണമെന്ന്‌ കെജ്‌രിവാൾ അഭ്യർഥിച്ചു. ബിജെപി ഇതരകക്ഷികൾ ഒന്നിച്ചാൽ ബിൽ പരാജയപ്പെടും. അങ്ങനെ സംഭവിച്ചാൽ 2024ൽ ബിജെപി പരാജയപ്പെടുമെന്ന സന്ദേശം രാജ്യത്തിന്‌ നൽകാനാകും–-കെജ്‌രിവാൾ കൂട്ടിച്ചേർത്തു.         ഓർഡിനൻസിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ വ്യക്തമാക്കിയ ഡൽഹി മുഖ്യമന്ത്രി ബിജെപിക്കെതിരെ തെരുവിൽ പോരാടുമെന്നും പ്രഖ്യാപിച്ചു.  എല്ലാ ബിജെപി ഇതര കക്ഷി നേതാക്കളെയും വ്യക്തിപരമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. 23ന്‌ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കൊൽക്കത്തയിലെത്തി കാണുന്ന കെജ്‌രിവാൾ 23ന്‌ മുംബൈയിലെത്തി ശിവസേന നേതാവ്‌ ഉദ്ധവ്‌ താക്കറെയെ കാണും. 25ന്‌ എൻസിപി അധ്യക്ഷൻ ശരദ്‌ പവാറുമായും കൂടിക്കാഴ്‌ച നടത്തും.   അതേസമയം ഓർഡിനൻസിനെ രൂക്ഷമായി പ്രതിപക്ഷം വിമർശിച്ചു. ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തിന്‌ നേരേയുള്ള കടന്നാക്രമണമെന്ന്‌ സിപിഐ എം  വിശേഷിപ്പിച്ചപ്പോൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കുള്ള മുന്നയിപ്പാണെന്ന്‌  ആർജെഡി വ്യക്തമാക്കി. ജനാധിപത്യത്തിന്റെ കൂട്ടക്കുരുതി നടത്തുന്ന ഓർഡിനൻസ്‌ പിൻവലിക്കണമെന്ന്‌ എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ ആവശ്യപ്പെട്ടു. കർണാടക വഴി കാട്ടിയെന്നും ഡൽഹി ഓർഡിൻസ്‌ ഉയർത്തെഴുന്നേൽക്കാനുള്ള ആഹ്വാനമാണെന്നും പിഡിപി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി പ്രതികരിച്ചു. അതേസമയം ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ ഐക്യശ്രമങ്ങൾക്ക്‌ വീണ്ടും തുരങ്കം വെക്കുന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. ഷീല ദീക്ഷിതിന്റെ പാത പിന്തുടരാൻ കെജ്‌രിവാളിനെ ഉപദേശിച്ച അജയ്‌ മാക്കൻ, എഎപി മന്ത്രിമാർക്കെതിരെയുള്ള ഉദ്യോഗസ്ഥരുടെ പരാതിയിൽ അന്വേഷണം വേണമെന്നാണ്‌ ആവശ്യപ്പെട്ടത്‌. Read on deshabhimani.com

Related News