നിഹങ്ക്‌ നേതാവ്‌ കേന്ദ്രകൃഷിമന്ത്രി കൂടിക്കാഴ്‌ച അന്വേഷിക്കണം : വിശദ അന്വേഷണം 
വേണമെന്ന്‌ 
സംയുക്ത 
കിസാൻ മോർച്ച



ന്യൂഡൽഹി സിൻഘു അതിർത്തിയിൽ യുവാവിനെ കൊലപ്പെടുത്തിയ നിഹങ്ക്‌ സംഘത്തിന്റെ നേതാവുമായി മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര കൃഷിമന്ത്രിയും ബിജെപി നേതാക്കളും നടത്തിയ കൂടിക്കാഴ്‌ചയെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി. ജൂലൈയിലാണ്‌ നിഹങ്ക്‌ സംഘമായ ‘നിർവൈർ ഖാൽസ–- ഉദ്‌നാ ദൾ’ നേതാവ്‌ ബാബാ അമൻസിങ്ങുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമറും ബിജെപി നേതാക്കളും കൂടിക്കാഴ്‌ച നടത്തിയത്‌. 15ന്‌ സിൻഘു അതിർത്തിയിൽ പഞ്ചാബ്‌ തരൺതരൺ സ്വദേശി ലഖ്‌ബീർ സിങ്ങി (35)നെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായതും അമൻസിങ്ങിന്റെ സംഘാംഗങ്ങളാണ്‌. മതഗ്രന്ഥത്തെ അവഹേളിച്ചെന്ന്‌ ആരോപിച്ചായിരുന്നു കൊലപാതകം.   കാർഷികനിയമങ്ങൾ ചർച്ച ചെയ്യാനെന്ന പേരിലാണ് കൃഷി സഹമന്ത്രി കൈലാഷ്‌ ചൗധ്‌രിയുടെ ഡൽഹിയിലെ വസതിയിൽ ജൂലൈ അവസാനവാരം കൂടിക്കാഴ്ച നടത്തിയത്. അമൻ സിങ്ങിനെ മന്ത്രി പൊന്നാട അണിയിച്ച  ദൃശ്യവും പുറത്തുവന്നു. ജാർഖണ്ഡ്‌ എംപി സുനിൽകുമാർ സിങ്‌, ബിജെപി കിസാൻ മോർച്ച അഖിലേന്ത്യാ സെക്രട്ടറി സുഖ്‌മിന്ദർപാൽ സിങ്‌ ഗ്രേവാൾ, രാജസ്ഥാനിലെ ബിജെപി നേതാവ്‌ സൗരവ്‌ സാരസ്വത്‌ തുടങ്ങിയവരും ഒപ്പമുണ്ടായി. ലഖിംപുർ ഖേരിയിലെ കർഷക കൂട്ടക്കൊലയിൽനിന്ന്‌ ജനശ്രദ്ധ തിരിക്കാന്‍ ആസൂത്രിതമായി സിൻഘുവിൽ കൊല നടത്തുകയായിരുന്നെന്ന വാദം ശക്തമാണ്. വിശദമായ അന്വേഷണം നടത്തണമെന്ന്‌ സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. Read on deshabhimani.com

Related News