വധശിക്ഷ ആവശ്യപ്പെട്ട് എൻഐഎ



ന്യൂഡൽഹി രാജ്യത്തിന്‌ എതിരായ യുദ്ധമാണ്‌ ജമ്മു കശ്‌മീർ ലിബറേഷൻ ഫ്രണ്ട്‌ നേതാവ് യാസിൻ മാലിക്ക്‌ നടത്തിയതെന്നും വധശിക്ഷ വിധിക്കണമെന്നുമാണ്‌ ഡൽഹിയിലെ പ്രത്യേക കോടതിയിൽ എൻഐഎ ആവശ്യപ്പെട്ടത്. 2016–17ൽ കശ്‌മീർ താഴ്‌വരയിൽ സുരക്ഷാഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും എതിരെയുണ്ടായ പല ഭീകരാക്രമണങ്ങൾക്കും പിന്നിൽ യാസിൻ മാലിക്കാണെന്നാണ്‌ കുറ്റപത്രത്തിലെ ആരോപണം. ലഷ്‌കറെ തയ്‌ബ, ഹിസ്‌ബുൾ മുജാഹിദീൻ, ജമ്മു കശ്‌മീർ ലിബറേഷൻ ഫ്രണ്ട്‌, ജെയ്‌ഷെ മുഹമദ്‌ തുടങ്ങിയ ഭീകരസംഘടനകൾ ഐഎസ്‌ഐ സഹായത്തോടെയാണ്‌ താഴ്‌വരയിൽ ആക്രമണങ്ങൾ അഴിച്ചുവിട്ടത്‌. ഇതിനുവേണ്ടി യാസിൻ മാലിക്കും കൂട്ടുപ്രതികളും രാജ്യത്തിന്‌ അകത്തുനിന്നും പുറത്തുനിന്നും ഹവാല ഇടപാട്‌ വഴി വൻതോതിൽ പണം സമാഹരിച്ചു. സുരക്ഷാസേനയ്‌ക്കുനേരെ കല്ലെറിയുക, സ്‌കൂളുകൾക്ക്‌ തീയിടുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ അക്രമങ്ങൾക്ക്‌ പിന്നിലുള്ള ഗൂഢാലോചനയിലും യാസിൻ മാലിക്കിന്‌ പങ്കുണ്ടെന്നും എൻഐഎ ആരോപിച്ചു. എന്നാൽ, 1994ൽ അക്രമത്തിന്റെ വഴി ഉപേക്ഷിച്ചതാണെന്നും ഗാന്ധിയൻ മാർഗത്തിലാണ്‌ സഞ്ചാരമെന്നും യാസിൻ മാലിക്ക്‌ വാദിച്ചു.   സമാധാന നീക്കങ്ങൾക്ക്‌ തിരിച്ചടി: ഗുപ്‌കാർ സഖ്യം യാസിൻമാലിക്കിനെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ച എൻഐഎ കോടതി വിധി ജമ്മുകശ്‌മീരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക്‌ തിരിച്ചടി ആയേക്കുമെന്ന്‌ ആശങ്കപ്പെട്ട് ഗുപ്‌കാർ സഖ്യം. മേഖലയിലെ അനിശ്‌ചിതാവസ്ഥ കൂടുതൽ സങ്കീർണമാക്കുന്നതാണ്‌ കോടതി ഉത്തരവ്‌. കോടതിവിധിയുടെ പേരിൽ ബിജെപിയും ചില കോർപറേറ്റ്‌ മാധ്യമങ്ങളും നടത്തുന്ന വിജയാഹ്ലാദങ്ങൾ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കും.  അപ്പീലടക്കം എല്ലാ നിയമനടപടിയും സ്വീകരിക്കാൻ യാസിൻ മാലിക്കിന് അവസരം ഒരുക്കണമെന്ന് ഗുപ്‌കാർ സഖ്യം വക്താവ്‌ മുഹമദ്‌യൂസഫ്‌ തരിഗാമി പ്രസ്‌താവനയിൽ പറഞ്ഞു. കോടതിവിധിയെ തുടർന്ന്‌ ശ്രീനഗറിന്റെ പലഭാഗത്തും പ്രതിഷേധപ്രകടനങ്ങൾ നടന്നു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ചു. ശ്രീനഗറിന്റെ പലഭാഗത്തും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. Read on deshabhimani.com

Related News