15 സംസ്ഥാനം; 
106 പേർ അറസ്‌റ്റിൽ ; 93 പോപ്പുലർ ഫ്രണ്ട്‌ കേന്ദ്രത്തിൽ റെയ്‌ഡ്‌



ന്യൂഡൽഹി/ തിരുവനന്തപുരം 15 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ (പിഎഫ്‌ഐ) ഓഫീസുകളിലും നേതാക്കളുടെ വസതികളിലും റെയ്ഡ്. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ), എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും സംയുക്തമായി 93 കേന്ദ്രത്തിലായിരുന്നു  ‘ഓപ്പറേഷൻ മിഡ്‌നൈറ്റ്' പരിശോധന.  എൻഐഎ 45 പേരുടെയും ഇഡി 61 പേരുടെയും അടക്കം 106 പേരുടെ അറസ്റ്റ്‌ രേഖപ്പെടുത്തി. കേരളത്തിൽ പോപ്പുലർ ഫ്രണ്ട്‌ ദേശീയ ചെയർമാൻ ഒ എം എ സലാം, ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്റ്‌ സി പി മുഹമ്മദ് ബഷീർ, സംസ്ഥാന സെക്രട്ടറി കെ മുഹമ്മദ് അലി (കുഞ്ഞിപ്പ) അടക്കം 25 നേതാക്കളെ അറസ്റ്റ്‌ ചെയ്‌തു. ഇതിൽ 11 പേരെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി. 14 പേരെ കൂടുതൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക്‌ കൊണ്ടുപോയി. ഇവരിൽ ചിലരെ പാട്യാല കോടതിയിൽ ഹാജരാക്കി.   ഡൽഹിയിൽനിന്ന്‌ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ്‌ എൻഐഎ സംഘം കരിപ്പൂരിലെത്തിയത്‌. പരിശോധന പൂർത്തിയാക്കിയ സംഘം മടങ്ങി. കസ്റ്റഡിയിൽ എടുത്തവരും ഒപ്പമുണ്ട്‌. റെയ്‌ഡ്‌ കേന്ദ്രങ്ങളിൽ പ്രവർത്തകർ അക്രമാസക്തരായെത്തി. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക്‌ നേരെ പൊലീസ്‌ ലാത്തിവീശി. തൃശൂർ കേച്ചേരിയിലും മറ്റിടങ്ങളിലും ഏറെനേരം വാഹനങ്ങൾ തടഞ്ഞു. സംഭവ വികാസങ്ങൾ അവലോകനം ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ നേതൃത്വത്തിൽ വ്യാഴാഴ്ച അടിയന്തരയോഗം ചേർന്നു.   Read on deshabhimani.com

Related News