ദുരൂഹം; ജയിലറയിൽ ധൈഷണികർ,മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ



ന്യൂഡൽഹി പുണെയിലെ ഭീമ കൊറേഗാവിൽ 2018 ജനുവരി ഒന്നിനു പുലർച്ചെ  ഉണ്ടായ സംഘർഷത്തിന്റെ പേരിൽ‌ എടുത്ത കേസിൽ എൻഐഎ നടത്തിവരുന്ന അറസ്റ്റ്‌ പരമ്പരയിൽ ഒടുവിലത്തേതാണ്‌ മലയാളി  വൈദികൻ സ്റ്റാൻ സ്വാമിയുടേത്‌‌. ധൈഷണികർ, മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, വിദ്യാഭ്യാസ വിദഗ്‌ധർ എന്നിവരടക്കം 16 പേരെയാണ് അറസ്റ്റ്‌ ചെയ്‌തത്‌.  ഭീമ കൊറേഗാവ്‌ കേസ്‌ മഹാരാഷ്ട്ര പൊലീസാണ്‌ അന്വേഷിച്ചിരുന്നത്‌. ബിജെപി സർക്കാരിന്റെ കാലത്ത്‌ മഹാരാഷ്ട്ര പൊലീസ്‌ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നായി 10 പേരെ അറസ്റ്റ്‌ ചെയ്‌തു. ഭരണമാറ്റം ഉണ്ടായതോടെ കേന്ദ്രസർക്കാർ ഇടപെട്ട്‌ അന്വേഷണം എൻഐഎ ഏറ്റെടുത്തു. തുടർന്ന്‌ ആറുപേരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. മേൽജാതിക്കാർക്കെതിരെ ദളിതർ നേടിയ യുദ്ധവിജയത്തിന്റെ ഇരുനൂറാം വാർഷികം ആഘോഷിക്കുന്നതിനിടെയാണ്‌ ഭീമ കൊറേഗാവിൽ സംഘർഷമുണ്ടായത്‌. സമൂഹത്തിൽ സ്‌പർധ സൃഷ്ടിക്കുന്ന വിധത്തിൽ പരിപാടിയിൽ പ്രസംഗിച്ചതിന്റെ പേരിലാണ്‌ ആദ്യം കേസ്‌ രജിസ്റ്റർ ചെയ്‌തത്‌. ‌യുദ്ധവിജയത്തിന്റെ വാർഷികാചരണം സംഘടിപ്പിച്ച എൽഗാർ പരിഷത്തിന്‌ മാവോയിസ്റ്റ്‌ ബന്ധമുണ്ടെന്ന്‌ പിന്നീട്‌ പൊലീസ്‌ ആരോപിച്ചു. പ്രമുഖ കവി വരവര റാവു, മനുഷ്യാവകാശ പ്രവർത്തകരും ദളിത്‌ ചിന്തകരുമായ ഡോ. ആനന്ദ്‌ തെൽതുംബ്‌ഡെ, സുധീർ ധാവ്‌ളെ, സാമൂഹ്യ പ്രവർത്തകരായ മഹേഷ്‌ റാവത്ത്‌, ഗൗതം നവ്‌ലഖ, വെർണൻ ഗൊൺസാലസ്‌, റോണ വിൽസൺ, അഭിഭാഷകരായ സുരേന്ദ്ര ഗാഡ്‌ലിങ്‌, അരുൺ ഫെരേര, സുധ ഭരദ്വാജ്‌, പ്രൊഫ. ഹനി ബാബു, പ്രൊഫ. ഷോമ സെൻ, കലാകാരന്മാരായ സാഗർ ഗോർഖെ, ജ്യോതി ജഗ്‌തപ്, രമേശ്‌ ഗെയ്‌ചൂർ എന്നിവരാണ്‌ അറസ്റ്റിലായ മറ്റുള്ളവർ. Read on deshabhimani.com

Related News