മോദി സർക്കാരിന്‌ താക്കീത്‌ ; 23 സംസ്ഥാനത്ത്‌ ബന്ദ്‌ പൂർണം ; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും വലിയ ജനപിന്തുണ

ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രകടനം


  ന്യൂഡൽഹി കർഷക- തൊഴിലാളി സംഘടനകളുടെ ആഹ്വാനപ്രകാരം ജനലക്ഷങ്ങൾ അണിനിരന്ന ഭാരത്‌ ബന്ദ്‌ രണ്ടാം മോദി സർക്കാരിന്റെ കോർപറേറ്റ്‌ പ്രീണനനയങ്ങൾക്ക്‌ കനത്ത താക്കീത്. 23 സംസ്ഥാനത്ത്‌ ബന്ദ്‌ പൂർണം. ബിജെപി ഭരിക്കുന്നിടത്തടക്കം ലഭിച്ചത് വലിയ ജനപിന്തുണ. ചർച്ചയ്‌ക്കു തയ്യാറാകാതെ കർഷകരോട്‌ മുഖംതിരിച്ച മോദി സർക്കാരിനെതിരെ രാജ്യം ഒറ്റക്കെട്ടായി ഉണരുന്ന കാഴ്‌ച. അഞ്ച്‌ സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ബന്ദിന്‌ ലഭിച്ച പിന്തുണ ബിജെപിയെ ഞെട്ടിച്ചു. ഏഴു വർഷമായി കാർഷിക–- വ്യാവസായിക–- സേവന മേഖലകളെ അപ്പാടെ വൻകിട കോർപറേറ്റുകൾക്ക്‌ തീറെഴുതുകയാണ്‌ മോദി. പൊതുസമ്പത്ത്‌ കൂസലില്ലാതെ വിറ്റഴിച്ചു. കോവിഡ്‌ പ്രതിസന്ധിയിലും ഇന്ധന നികുതി പല മടങ്ങ്‌ കൂട്ടി. ഇതിനെല്ലാമെതിരായ വികാരപ്രകടനംകൂടിയായി ബന്ദ്‌. ഒന്നാം മോദി സർക്കാർ അധികാരത്തില്‍ വന്നതുമുതൽ കർഷകരും തൊഴിലാളികളും സമരമുഖത്താണ്‌. രണ്ടാം മോദി സർക്കാർ കർഷക–- തൊഴിലാളി ദ്രോഹ നടപടികൾ തീവ്രമാക്കിയതോടെ പ്രക്ഷോഭം തീവ്രമായി. നവംബർമുതൽ ഡൽഹി അതിർത്തിയിൽ കർഷകർ സമരത്തില്‍. ട്രേഡ്‌യൂണിയനുകളുമായി കർഷകര്‍ കൈകോര്‍ത്തതോടെ പ്രക്ഷോഭം പുതിയ മാനം നേടി. കേരളം, ബംഗാൾ തുടങ്ങി അഞ്ച്‌ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കർഷകരും തൊഴിലാളികളും കൈകോര്‍ത്തു. ബംഗാളിൽ അധികാരം പിടിക്കാമെന്ന ബിജെപിയുടെ മോഹത്തിന് തിരിച്ചടിയായതും കർഷകസമരം. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി പിന്നോക്കം പോയി. കോവിഡ്‌ തീവ്രത കുറഞ്ഞതോടെ പ്രക്ഷോഭം കരുത്താർജിച്ചു. പാർലമെന്റിന്റെ സമ്മേളനത്തിനിടെ കർഷക പാർലമെന്റ്‌ ചേര്‍ന്നു. യുപിയിലെ മുസഫർനഗറിൽ സെപ്‌തംബർ അഞ്ചിന്‌ മഹാപഞ്ചായത്തിൽ ലക്ഷങ്ങള്‍ അണിനിരന്നു. ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ മിഷൻ യുപിയും മിഷൻ ഉത്തരാഖണ്ഡും മുസഫർനഗർ മഹാപഞ്ചായത്ത്‌ പ്രഖ്യാപിച്ചു. ഭാരത്‌ ബന്ദ്‌ വിജയമായതിന്റെ ആത്മവിശ്വാസത്തിൽ കൂടുതൽ കരുത്തുറ്റ പോരാട്ടത്തിന് തയാറെടുക്കുകയാണ് കര്‍ഷകരും തൊഴിലാളികളും. Read on deshabhimani.com

Related News