കർഷകർക്ക്‌ പിന്തുണയുമായി ഡൽഹിയിൽ ഇടതുപാർടികളുടെ പ്രതിഷേധം



ന്യൂഡൽഹി> കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌   ഇന്ന് ഡൽഹിയിലെ ജന്തർമന്ദറിൽ ഇടതുപാർടികൾ സംയുക്തമായി പ്രതിഷേധം സംഘടിപ്പിച്ചു.   സിപിഐ എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ  ബൃന്ദ കാരാട്ടും ഹനൻ മൊല്ലയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും പ്രതിഷേധത്തിൽ പങ്കെടുത്തു. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍ജെഡിപാര്‍ട്ടി.  പ്രവര്‍ത്തകരോടും തങ്ങളെ പിന്തുണയ്ക്കുന്നവരോടും കര്‍ഷകര്‍ക്കൊപ്പം തെരുവിലിറങ്ങണമെന്ന് ആര്‍.ജെ.ഡി ബീഹാര്‍ അധ്യക്ഷന്‍ ജഗന്നാഥ് സിംഗ് ആവശ്യപ്പെട്ടു. കര്‍ഷകരുടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയ പ്പെടുകയായിരുന്നു.ഡിസംബര്‍ മൂന്നിന് വീണ്ടും ചര്‍ച്ച നടത്തും. വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിയമം പിന്‍വലിക്കില്ലെങ്കിലും മിനിമം താങ്ങുവില, ചന്തകള്‍ എന്നിവ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാമെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. നിയമത്തിലെ പ്രശ്നങ്ങളും പരിഹാരങ്ങളും കണ്ടെത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍ ഇതിനോട് കര്‍ഷകര്‍ വഴങ്ങിയില്ല. ''ഞങ്ങളുടെ പ്രതിഷേധം തുടരും. ഞങ്ങള്‍ സര്‍ക്കാരില്‍ എന്തെങ്കിലും വാങ്ങിക്കൊണ്ടുമാത്രമേ മടങ്ങൂ, അത് വെടിയുണ്ടയോ, സമാധനപരമായ പരിഹാരമോ ആകട്ടേ. അവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ വീണ്ടും വരും.''; കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട കര്‍ഷക പ്രതിനിധി സംഘത്തിലെ അംഗമായ ചന്ദ സിങ് പറഞ്ഞു. Read on deshabhimani.com

Related News