അഗ്നിപഥ്‌, തൊഴിലില്ലായ്‌മ ; രാജ്യവ്യാപകമായി പ്രതിഷേധമിരമ്പി



ന്യൂഡൽഹി അഗ്നിപഥ്‌ പദ്ധതിക്കെതിരെയും തൊഴിലില്ലായ്‌മയ്‌ക്കെതിരെയും  ഇടത്‌ യുവജന -വിദ്യാർഥി പ്രസ്ഥാനങ്ങൾ ബുധനാഴ്‌ച അഖിലേന്ത്യാ പ്രതിഷേധ ദിനമാചരിച്ചു.  വിവിധ സംസ്ഥാനങ്ങളിൽ രാജ്‌ഭവനുകൾക്ക്‌ മുന്നിലും  ജില്ലകളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക്‌ മുന്നിലും ധർണ സംഘടിപ്പിച്ചു. ഡൽഹി ജന്തർ മന്ദിറിൽ ധർണ സംഘടിപ്പിച്ചു. അ​ഗ്നിപഥ് സ്ഥിരംതൊഴിൽ ഇല്ലാതാക്കുക മാത്രമല്ല, രാജ്യസുരക്ഷ പോലും അപകടത്തിലാക്കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം എംപി പറഞ്ഞു. വർഷം രണ്ടുകോടി തൊഴിൽ എന്ന വാഗ്‌ദാനവുമായി അധികാരത്തിൽ എത്തിയ മോദി തൊഴിൽ സൃഷ്ടിച്ചില്ലെന്ന്‌ മാത്രമല്ല, തൊഴിലില്ലായ്‌മ 45 വർഷത്തെ ഏറ്റവുമുയർന്ന നിലയിലെത്തിച്ചെന്ന് ഡിവൈഎഫ്‌ഐ ജനറൽ സെക്രട്ടറി ഹിമാഗ്നരാജ്‌ ഭട്ടാചാര്യ പറഞ്ഞു. ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, എഐവൈഎഫ്‌, എഐഎസ്‌എഫ്‌, ആർവൈഎഫ്‌, പിഎസ്‌യു, എഐവൈഎൽ തുടങ്ങി 12 സംഘടനകളാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. പ്രക്ഷോഭം 
ശക്തമാക്കും അഗ്നിപഥിനും തൊഴിലില്ലായ്‌മയ്‌ക്കുമെതിരെയുള്ള ദേശീയ പ്രക്ഷോഭം ശക്തിപ്പെടുത്താൻ ഡൽഹിയിൽ ചേർന്ന ഇടത്‌ വിദ്യാർഥി–-യുവജന പ്രസ്ഥാനങ്ങളുടെ യോഗം തീരുമാനിച്ചു. പ്രചാരണവാരം സംഘടിപ്പിക്കാനും ജനങ്ങൾ കൂടിച്ചേരുന്ന ഇടങ്ങളിൽ ലഘുലേഖകൾ വിതരണംചെയ്യാനും ജന്തർമന്ദിർ സമരവേദിയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. Read on deshabhimani.com

Related News