പാകിസ്ഥാനില്‍ പോകാന്‍ പറയുന്നത് അധഃപതനം ; വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സുപ്രീംകോടതി



ന്യൂഡൽഹി ന്യൂനപക്ഷ വിഭാഗങ്ങളോട്‌ ‘പാകിസ്ഥാനിലേക്ക്‌ പോകൂ’-എന്ന്‌ ആക്രോശിക്കുന്ന വിദ്വേഷപ്രസംഗങ്ങൾ അംഗീകരിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി. ‘ന്യൂനപക്ഷ വിഭാഗക്കാർ ഈ രാജ്യം സ്വമേധയാ തെരഞ്ഞെടുത്തവരാണ്‌. അവരുടെ അന്തസ്സിനെ ഹനിക്കുന്നത്‌ അംഗീകരിക്കാനാകില്ല. അവരോട്‌ പാകിസ്ഥാനിലേക്ക്‌ പോകൂവെന്ന്‌ പറയുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങൾ അധഃപതിച്ചിരിക്കുന്നു’–- ജസ്റ്റിസ്‌ കെ എം ജോസഫ്‌ പറഞ്ഞു.മഹാരാഷ്ട്രയിൽ തീവ്രഹിന്ദുത്വനേതാക്കൾ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹർജികൾ പരിഗണിക്കവെയാണ്‌ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ. ജവാഹർലാൽ നെഹ്‌റുവിനെ പോലുള്ളവർ ചരിത്രംകുറിച്ച പ്രസംഗങ്ങൾ നടത്തിയിരുന്നിടത്തുനിന്ന്‌  ഈ രീതിയിലേക്ക്‌ രാഷ്ട്രീയസംവാദങ്ങൾ അധഃപതിച്ചത്‌ ലജ്ജാവഹമാണെന്ന്‌ ജസ്റ്റിസ്‌ ബി വി നാഗരത്നയും വിമർശിച്ചു. ‘മറ്റു മതവിഭാഗങ്ങളെ വില്ലൻമാരായി ചിത്രീകരിക്കാൻ കൂട്ടുനിൽക്കില്ലെന്ന്‌ ഓരോ പൗരനും പ്രതിജ്ഞയെടുക്കണം’–- അദ്ദേഹം പറഞ്ഞു. തെഹ്‌സീൻ പുണാവാല കേസിൽ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ മാർഗനിർദേശങ്ങൾ പല സംസ്ഥാനങ്ങളിലും പാലിക്കപ്പെടുന്നില്ലെന്ന്‌ ഹർജിക്കാർ വാദിച്ചു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്ന്‌ കോടതി കഴിഞ്ഞദിവസം മുന്നറിയിപ്പുനൽകി. കേരളത്തെ അനാവശ്യമായി വലിച്ചിട്ട്‌ സോളിസിറ്റർ ജനറൽ വിദ്വേഷപ്രസംഗത്തിനെതിരെ സുപ്രീംകോടതി ആഞ്ഞടിച്ചപ്പോൾ അനാവശ്യമായി കേരളത്തിന്റെ പേര്‌ വലിച്ചിഴച്ച്‌ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത. ‘കേരളത്തിൽ ഒരു റാലിയിൽ ഹിന്ദുക്കൾക്കെതിരെയും വിദ്വേഷപ്രസംഗം നടന്നിട്ടുണ്ട്‌. ഒരു കുട്ടി ഹിന്ദുക്കളും ക്രിസ്‌ത്യാനികളും അന്തിമ ചടങ്ങുകൾക്ക്‌ ഒരുങ്ങിയിരുന്നോളാൻ മുദ്രാവാക്യം വിളിച്ചു. ഇത്തരം കേസുകളിലും കോടതി സ്വമേധയാ കേസെടുക്കണം’–- അദ്ദേഹം പറഞ്ഞു. പിഎഫ്‌ഐ റാലിയിൽ വിദ്യാർഥി വിദ്വേഷമുദ്രാവാക്യം വിളിച്ച ഒറ്റപ്പെട്ട സംഭവമാണ്‌ സോളിസിറ്റർ ജനറൽ പര്‍വ്വതീകരിച്ചത്. സംഭവത്തിൽ ഉചിത നിയമനടപടി സ്വീകരിച്ചകാര്യം അദ്ദേഹം മറച്ചുവച്ചു. Read on deshabhimani.com

Related News