‘വെളിപ്പെട്ടത്‌ കേന്ദ്ര സർക്കാരിന്റെ 
നികൃഷ്‌ടമുഖം’ ; കേന്ദ്രത്തിനെതിരെ പ്രതിപക്ഷം

സാക്ഷി മലിക്കിനെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു ഫോട്ടോ: പി വി സുജിത്


ന്യൂഡൽഹി ഗുസ്‌തി താരങ്ങളെ തല്ലിച്ചതച്ചതിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശവുമായി സിപിഐ എം അടക്കമുള്ള പ്രതിപക്ഷ പാർടികൾ. ജനാധിപത്യം എന്നാൽ കേവലം പ്രൗഢമായ കെട്ടിടവും പൊങ്ങച്ച പ്രസംഗവും മാത്രമല്ലെന്നും അത്‌ അവകാശങ്ങളെ മാനിക്കലും ഭരണഘടന പ്രദാനംചെയ്യുന്ന സ്വാതന്ത്ര്യത്തെ അംഗീകരിക്കൽ കൂടിയാണെന്നും സിപിഐ എം വ്യക്തമാക്കി. പുതിയ പാർലമെന്റ്‌ മന്ദിരം മോദി ഉദ്‌ഘാടനം ചെയ്‌തിട്ടുണ്ടാകാം. എന്നാൽ, ജനാധിപത്യത്തെ കേന്ദ്രം എങ്ങനെ കാണുന്നുവെന്ന്‌ അവരുടെ പൊലീസ്‌ തെരുവിൽ തെളിയിച്ചുവെന്നും സിപിഐ എം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെക്കുറിച്ചുള്ള മോദിയുടെ  പ്രസംഗം നടക്കവേ  മീറ്ററുകൾക്കപ്പുറം കേന്ദ്രസർക്കാരിന്റെ നികൃഷ്‌ടമുഖം വെളിപ്പെട്ടുവെന്ന്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു. ഗുസ്‌തി താരങ്ങൾ തീവ്രവാദികൾ അല്ലെന്നു പറഞ്ഞ കോൺഗ്രസ്‌ അന്യായമായ പൊലീസ്‌ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ടു. അരങ്ങേറിയത്‌ ഹീനമായ അക്രമമാണെന്നും അതിന്‌ നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പട്ടാഭിഷേകം കഴിഞ്ഞു. അഹങ്കാരിയായ രാജാവ് ഇപ്പോൾ തെരുവിൽ ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുകയാണ്‌–- രാഹുൽ ഗാന്ധി ട്വീറ്റ്‌ ചെയ്‌തു. എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ, മുഖ്യമന്ത്രിമാരായ എം കെ സ്റ്റാലിൻ (തമിഴ്‌നാട്‌), അരവിന്ദ് കെജ്‌രിവാൾ (ഡൽഹി), മമത ബാനർജി (ബംഗാൾ), ഹേമന്ത് സോറൻ (ജാർഖണ്ഡ്) എന്നിവരും പൊലീസ്‌ അതിക്രമത്തെ അപലപിച്ചു.   Read on deshabhimani.com

Related News