ബിജെപിയുമായി കൂട്ടിനില്ലെന്ന്‌ ആവർത്തിച്ച്‌ ആർഎൽഡി



ന്യൂഡൽഹി ഉത്തർപ്രദേശിൽ സമാജ്‌വാദി പാർടി–- ആർഎൽഡി സഖ്യത്തിൽ വിള്ളൽ വീഴ്‌ത്താനുള്ള ബിജെപി നീക്കം പൊളിച്ച് അഖിലേഷ്‌ യാദവും ജയന്ത്‌ ചൗധുരിയും. ബിജെപിയുമായി ഒരിക്കലും കൂട്ടുകൂടില്ലെന്നും വർഗീയ സംഘർഷം സൃഷ്ടിക്കാനാണ്‌ അമിത്‌ ഷായുടെ ശ്രമമെന്നും ജയന്ത്‌ ചൗധുരി തുറന്നടിച്ചു. യുപിയിൽ ജാട്ടുകളെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ്‌ ബിജെപി നടത്തുന്നതെന്നും ചൗധുരി അഭിമുഖത്തിൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം താൻ ബിജെപിയിൽ ചേരുമെന്ന് പറയുക വഴി ആർഎൽഡിക്ക്‌ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാതിരിക്കാനാണ്‌ ഷാ ശ്രമിക്കുന്നത്‌. ആർഎൽഡിക്കു കിട്ടേണ്ട ന്യൂനപക്ഷ വോട്ടുകൾ ബിഎസ്‌പിയിലേക്കോ എഐഎംഐഎമ്മിലേക്കോ എത്തിക്കാനാണ്‌ ബിജെപി ശ്രമം. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുകയാണ്‌ ലക്ഷ്യം. ഹരിയാനയിലേത് പൊലെ യുപിയിലും ജാട്ടുകളെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യം അമിത്‌ ഷായ്‌ക്കുണ്ട്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ മാത്രമല്ല ഒരിക്കൽപോലും താൻ ബിജെപിയുമായി കൂട്ടുകൂടില്ലെന്ന്‌ എഴുതിനൽകാൻ ഒരുക്കമാണ്‌. തന്റെ അച്ഛൻ അജിത്‌ സിങ്ങിനോട്‌ ബിജെപി വളരെ മോശമായാണ്‌ പെരുമാറിയത്‌. അത്‌ തനിക്കൊരു പാഠമാണ്‌. പടിഞ്ഞാറൻ യുപിയിലെ കർഷകർക്ക്‌ ബിജെപി നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. ഈ തെരഞ്ഞെടുപ്പ്‌ രാജ്യമെമ്പാടുമുള്ള കർഷകരുടെ നിലനിൽപ്പിനായുള്ള പോരാട്ടം കൂടിയാണ്‌–- ചൗധുരി പറഞ്ഞു. യുപിയിൽ ബിജെപിയെ തൂത്തെറിഞ്ഞുള്ള ചരിത്രജയം എസ്‌പിയും ആർഎൽഡിയും നേടുമെന്ന് അഖിലേഷ്‌ യാദവ് പറഞ്ഞു. Read on deshabhimani.com

Related News