ദളിതർക്കെതിരായ അക്രമം ; നവംബർ 5ന് ദേശീയ കൺവൻഷൻ



ന്യൂഡൽഹി രാജ്യത്ത്‌ ദളിതർക്കുനേരെ വർധിക്കുന്ന അക്രമങ്ങൾക്കെതിരെ ഡൽഹിയിൽ നവംബർ അഞ്ചിന്‌ വിവിധ സംഘടനകളുടെ ദേശീയ കൺവൻഷൻ ചേരുമെന്ന്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദളിത് ശോഷൻ മുക്തി മഞ്ച്, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ, ദളിത് അവകാശങ്ങൾക്കായുള്ള അഖിലേന്ത്യ ക്യാമ്പയിൻ, ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ, അഖിലേന്ത്യ ഗ്രാമീണ കർഷകത്തൊഴിലാളി അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ്‌ കൺവൻഷൻ. മോദി അധികാരത്തിലെത്തി എട്ടുവർഷം പിന്നിടുമ്പോൾ രാജ്യത്തെ ദളിതുകൾക്കും ആദിവാസി വിഭാഗങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചെന്ന്‌ നേതാക്കൾ കുറ്റപ്പെടുത്തി. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിലും അക്രമങ്ങൾ വ്യാപകമായി. പ്രക്ഷോഭങ്ങൾക്കൊടുവിലാണ്‌ എസ്‌സി–- എസ്‌ടി അതിക്രമം തടയൽ നിയമത്തിന്റെ വിനാശകരമായ വ്യവസ്ഥകൾ കേന്ദ്രം ഭേദഗതി ചെയ്‌തത്‌. കേന്ദ്രനയങ്ങൾ വിദ്യാഭ്യാസത്തിൽനിന്നും മുഖ്യധാരയിൽനിന്നും ദളിതുകളെ മാറ്റിനിർത്തുകയാണെന്നും നേതാക്കൾ പറഞ്ഞു. സുഭാഷിണി അലി, ബി വെങ്കട്ട്, വി എസ്‌ നിർമൽ, ജി ഗോറിയ, ധീരേന്ദ്ര ഝാ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News