ഇഡിയുടെ രാഷ്ട്രീയവേട്ട : 17 വർഷത്തില്‍ 5422 കേസ്‌ ശിക്ഷിച്ചത് 23 പേരെ



ന്യൂഡൽഹി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ മോദി സർക്കാരിന്റെ പ്രധാന ആയുധമായ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ 17 വർഷത്തില്‍ രജിസ്റ്റർ ചെയ്‌ത 5400ലേറെ കേസിൽ ശിക്ഷിക്കപ്പെട്ടത്‌ 23 പേർമാത്രം. 1.04 ലക്ഷം കോടിയുടെ ആസ്‌തി ഇഡി കണ്ടുകെട്ടിയെന്നും കേന്ദ്ര സര്‍ക്കാര്‍ പാർലമെന്റിലെ മറുപടിയിൽ വ്യക്തമാക്കി. മൊത്തം 5422 കേസാണ്‌ രജിസ്റ്റർ ചെയ്‌തത്‌. ഇതിൽ 3555 കേസ്‌ (65.56 ശതമാനം) 2014ൽ മോദി സർക്കാർ അധികാരമേറ്റശേഷമാണ്‌ രജിസ്റ്റർ ചെയ്‌തിട്ടുള്ളതെന്നത് ശ്രദ്ധേയം. കേവലം 992 കേസിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്‌. 23 പേർ കള്ളപ്പണം വെളുപ്പിക്കൽ നിരോധന (പിഎംഎൽഎ) നിയമപ്രകാരം ശിക്ഷിക്കപ്പെട്ടെന്നും ധനസഹമന്ത്രി പങ്കജ്‌ ചൗധ്‌രി ലോക്‌സഭയിൽ ചോദ്യത്തിന്‌ മറുപടി നല്‍കി. ജെഡിയു എംപി രാജീവ്‌ രഞ്‌ജൻ (ലല്ലൻസിങ്‌) ഇഡിയുടെ ട്രാക്ക്‌റെക്കോഡ്‌ സംബന്ധിച്ചാണ് ചോദിച്ചത്. ‘ഈ കണക്ക്‌ മോദി സർക്കാർ അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തെ അവഹേളിക്കാനും ഭീഷണിപ്പെടുത്താനും ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ തെളിവാണെന്ന്‌’ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.   Read on deshabhimani.com

Related News