വീട് പൊളിക്കൽ തുടർന്ന് യുപി ; ബുൾഡോസർരാജിന്‌ എതിരായ ഹർജി 29ലേക്ക്‌ മാറ്റി



ലഖ്നൗ ബിജെപി വക്താക്കളുടെ പ്രവാചകനിന്ദയ്‌ക്കെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരുടെ വീട്‌ പൊളിക്കൽ നടപടി തുടർന്ന്  മുനിസിപ്പാലിറ്റികൾ. ജൂൺ 10ന് സഹാറൻപുരിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്ക് അനധികൃത നിർമാണം ആരോപിച്ച് സഹാറൻപുർ ഡെവലപ്‌മെന്റ് അതോറിറ്റി (എസ്‌ഡിഎ) കാരണംകാണിക്കൽ നോട്ടീസ് അയച്ചു.  നോട്ടീസ് ലഭിച്ചവരിൽ ഭൂരിഭാ​ഗം പേരും  സഹാറൻപുരിലെ പ്രതിഷേധത്തിൽ പങ്കെടുത്തവരാണെന്നും ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നെന്നും ദ വയർ റിപ്പോർട്ട് ചെയ്യുന്നു. ബുൾഡോസർരാജിന്‌ എതിരായ ഹർജി  29ലേക്ക്‌ മാറ്റി ഉത്തർപ്രദേശിൽ പ്രവാചകനിന്ദയ്‌ക്ക്‌ എതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരുടെ വീടുകൾ പ്രതികാരനടപടിയായി ഇടിച്ചുനിരത്തുകയാണെന്ന്‌ ചൂണ്ടിക്കാട്ടിയ ഹർജി പരിഗണിക്കുന്നത്‌ സുപ്രീംകോടതി ബുധനാഴ്‌ചത്തേക്ക്‌ മാറ്റി. ബുൾഡോസറുകൾ ഉപയോഗിച്ച്‌ വീടുകൾ ഇടിച്ചുനിരത്തുന്ന മുനിസിപ്പാലിറ്റികളുടെ നടപടിയെ ന്യായീകരിച്ച്‌ യുപി സർക്കാർ കഴിഞ്ഞദിവസം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിനു മറുപടി നൽകാൻ സമയം നൽകണമെന്ന്‌ ഹർജിക്കാരായ ജാമിയത്ത്‌ ഉലെമാ ഐ ഹിന്ദിനു വേണ്ടി ഹാജരായ അഡ്വ. നിത്യ രാമകൃഷ്‌ണൻ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചാണ്‌ സുപ്രീംകോടതി കേസ്‌ പരിഗണിക്കുന്നത്‌ ഇരുപത്തൊമ്പതിലേക്ക്‌ മാറ്റിയത്‌. Read on deshabhimani.com

Related News