ഉത്സാഹമില്ലാതെ ഗുജറാത്ത്‌ കോൺഗ്രസ്‌ ; ഭരണവിരുദ്ധവികാരം മുതലെടുക്കാൻ നേരിയ ശ്രമംപോലും നടത്താതെ ഒളിച്ചുകളിക്കുന്നു



പകൽ പതിനൊന്നായിട്ടും രാജീവ്‌ഗാന്ധി ഭവൻ ഉണർന്നിട്ടില്ല. ഗുജറാത്ത്‌ പിസിസി ആസ്ഥാനമായ മൂന്നുനില മന്ദിരത്തിൽ കുറച്ചുനേരം കാത്തുനിന്നപ്പോൾ അകത്ത്‌ ആളനക്കം. തട്ടിവിളിച്ചപ്പോൾ ജീവനക്കാരനെന്ന്‌ തോന്നുന്ന ഒരാൾ വാതിൽ തുറന്നു. മാധ്യമപ്രവർത്തകനാണെന്ന്‌ പരിചയപ്പെടുത്തി.  മീഡിയ റൂമിൽ ഇരിക്കാമെന്ന്‌ മറുപടി. നേതാക്കൾ ആരെങ്കിലുമുണ്ടോയെന്ന്‌ ചോദിച്ചു. കാത്തിരുന്നാൽ കാണാമെന്നായിരുന്നു പ്രതികരണം. സംസ്ഥാനത്തെ ഭരണവിരുദ്ധവികാരം മുതലെടുക്കാൻ നേരിയ ശ്രമംപോലും നടത്താതെ ഒളിച്ചുകളിക്കുകയാണ്‌  മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്‌. തീർത്തും ഉത്സാഹരഹിതമായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന്റെ പ്രതീകമാണ്‌ ആളും ആരവുമൊഴിഞ്ഞ പിസിസി ആസ്ഥാനമന്ദിരം. മീഡിയാ റൂമിൽ ഒന്നുരണ്ടുപേരുണ്ടായിരുന്നു. അൽപ്പംകഴിഞ്ഞ്‌ പിസിസി മാധ്യമ ചുമതലക്കാരൻ അലോക്‌ ശർമയെ കാണാമെന്ന്‌ അറിയിപ്പ്‌ വന്നു. തെരഞ്ഞെടുപ്പിന്റെ ആവേശമൊന്നും കാണാത്തതിനെക്കുറിച്ച്‌ അലോക്‌ ശർമയോട്‌ ചോദിച്ചപ്പോൾ തെരഞ്ഞെടുപ്പു കമീഷൻ ചട്ടങ്ങൾപ്രകാരമാണ്‌ പ്രചാരണമെന്നായിരുന്നു  മറുപടി. പ്രവർത്തകർ ബൂത്ത്‌ തലത്തിലാണ്‌  പ്രചാരണം നടത്തുന്നത്‌. വിലക്കയറ്റവും ബിജെപിയുടെ അഴിമതിയും കമീഷനുമാണ്‌ പ്രധാന വിഷയങ്ങൾ. പ്രധാനമന്ത്രിയുടെ ‘ഡമ്മി’യാണ്‌ ഗുജറാത്ത്‌ ഭരിക്കുന്നത്‌. കോൺഗ്രസ്‌ 125 സീറ്റ്‌ വരെ നേടും. എഎപി നേട്ടമൊന്നും ഉണ്ടാക്കില്ല–-അദ്ദേഹം അവകാശപ്പെട്ടു. യാഥാർഥ്യവുമായി തീരെ ഒത്തുപോകാത്തതായിരുന്നു അലോക്‌ ശർമയുടെ വാക്കുകൾ.  മുൻ പിസിസി പ്രസിഡന്റ്‌ ഭരത്‌സിങ്‌ സോളങ്കി 50 കോടി രൂപയ്‌ക്ക്‌ സീറ്റുകൾ വിറ്റെന്ന്‌ ആരോപിച്ച്‌ കോൺഗ്രസ്‌ പ്രവർത്തകർ കഴിഞ്ഞയാഴ്‌ച പിസിസി ഓഫീസിന്റെ ജനാലകൾ അടിച്ചുതകർത്തിരുന്നു. വോട്ടെടുപ്പിനു ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ പിസിസി നേതാക്കളെല്ലാം പലതട്ടിലാണ്‌. ആർക്കും പരസ്‌പര വിശ്വാസമില്ല. കഴിഞ്ഞതവണ 182ൽ 77 സീറ്റ്‌ നേടിയ കോൺഗ്രസിൽ ഇപ്പോൾ ശേഷിക്കുന്നത്‌ 60 പേർ മാത്രം. മറ്റുള്ളവർ ബിജെപിയിൽ  ചേക്കേറി. ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്‌ പരാജയപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ സീറ്റൊന്നും നേടാനുമായില്ല. Read on deshabhimani.com

Related News