ഇന്ത്യ– ഓസ്‌ട്രേലിയ സ്വതന്ത്രവ്യാപാര കരാർ 
വിനാശകരം : കിസാൻസഭ



ന്യൂഡൽഹി ജനുവരിയിൽ പ്രാബല്യത്തിൽ വരുന്ന ഇന്ത്യ–-ഓസ്‌ട്രേലിയ സ്വതന്ത്ര വ്യാപാര കരാർ കുത്തകകൾക്കുമാത്രം ഗുണം കിട്ടുന്നതാണെന്ന്‌ അഖിലേന്ത്യ കിസാൻസഭ ചൂണ്ടിക്കാട്ടി. ആഭ്യന്തര കർഷകർക്കല്ല വൻകിട കോർപറേറ്റുകൾക്കു മാത്രമേ കരാർകൊണ്ട്‌ ഗുണമുണ്ടാകൂവെന്ന്‌ കേന്ദ്ര ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ പറഞ്ഞു. സബ്‌ഡിഡികൾക്ക്‌ വ്യവസ്ഥയില്ലാത്ത കരാർ കർഷകരെയടക്കം ഗുരുതരമായി ബാധിക്കും. നിയന്ത്രണമില്ലാതെ വിദേശ കമ്പനികൾ  ഉൽപ്പന്നങ്ങൾ എത്തിക്കുന്നത്‌ ആഭ്യന്തര കർഷകർക്ക്‌ വില ലഭിക്കാത്ത അവസ്ഥയാക്കും.   ഉൽപ്പാദനച്ചെലവും വളംവിലയും വൻതോതിൽ ഉയർന്നിട്ടും കർഷകരെ സഹായിക്കാൻ കേന്ദ്രം ഒന്നുംചെയ്യുന്നില്ല. ഭാവിയിൽ കർഷകരുടെ നിലനിൽപ്പുതന്നെ കരാർ അപകടത്തിലാക്കും. സ്വതന്ത്രവ്യാപാര കരാറുമായി ബന്ധപ്പെട്ട ബില്ലുകൾ കഴിഞ്ഞദിവസം  ഓസ്‌ട്രേലിയൻ പാർലമെന്റ്‌ അംഗീകരിച്ചിരുന്നു. ഭക്ഷ്യ–-കാർഷികോൽപ്പന്നങ്ങൾ, ധാന്യങ്ങൾ, ഭക്ഷ്യസംസ്‌കരണം, സംഭരണം, ക്ഷീരോൽപ്പന്നങ്ങൾ, മത്സ്യ–-മാംസ മേഖല, മൂല്യവർധിത ഉൽപ്പന്നങ്ങൾ, ടെക്‌സ്‌റ്റൈൽസ്‌, ആഭരണം, തുണിത്തരങ്ങളും വസ്ത്രങ്ങളും, പാദരക്ഷകൾ, ഫർണിച്ചർ, സ്പോർട്സ് സാധനങ്ങൾ, യന്ത്രങ്ങൾ, ഇലക്ട്രിക്കൽ ഗുഡ്സ്, റെയിൽവേ വാഗണുകൾ തുടങ്ങിയവയല്ലാം കരാറിലുണ്ട്‌. സമഗ്ര സാമ്പത്തിക സഹകരണ കരാർവഴി വീണ്ടും 14 രാജ്യം ഉൾപ്പെടുന്ന പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയുടെ (ആർസിഇപി) ഭാഗമാകാമെന്നും ഇന്ത്യ കണക്കുകൂട്ടുന്നുണ്ട്‌. സംസ്കരണ മൂല്യവർധിത സംരംഭക മേഖലകളിൽ തൊഴിൽ നഷ്ടവും കടുത്ത സാമ്പത്തിക മൽസരവുമാകും ഫലമെന്നും കൃഷ്‌ണപ്രസാദ്‌ പറഞ്ഞു. ക്ഷീരമേഖലയിൽ അമിത ഉൽപ്പാദനം നടത്തുന്ന ഓസ്‌ട്രേലിയയിൽ, ഭൂരിഭാഗം ക്ഷീരോൽപ്പന്നങ്ങളും ഇന്ത്യയിലേക്കൊഴുക്കിയാൽ ചെറുകിട കർഷകരുടെ നിലനിൽപ്പ്‌തന്നെ അപകടത്തിലാകുമെന്ന്‌ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി വിജുകൃഷ്‌ണൻ പറഞ്ഞു. Read on deshabhimani.com

Related News