ത്രിപുര ഉപതെരഞ്ഞെടുപ്പ്‌ : അഴിഞ്ഞാടി ബിജെപി ; ബൂത്തുകൾ പിടിച്ചെടുത്തു, വോട്ടർമാരെ ആട്ടിപ്പായിച്ചു



കൊൽക്കത്ത ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന നിയമസഭാ മണ്ഡലങ്ങളിൽ വ്യാപക അക്രമം അഴിച്ചുവിട്ട്‌ ബിജെപി. പലയിടത്തും ബൂത്തുകൾ പിടിച്ചെടുത്തു. വോട്ടർമാരെ ആട്ടിപ്പായിച്ചു. ചെറുത്തുനിന്നവരെ ആക്രമിച്ചു. അക്രമങ്ങളുടെയും ബൂത്തുപിടിത്തത്തിന്റെയും ദൃശ്യങ്ങൾ സിപിഐ എം ത്രിപുര ഘടകം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അഗർത്തലയിൽ വോട്ടുചെയ്യാനെത്തിയ പൊലീസുകാരനെ ബിജെപിക്കാർ കുത്തി പരിക്കേൽപ്പിച്ചു. പ്രാദേശിക മാധ്യമപ്രവർത്തകനായ ശുഭം ദേബ്‌നാഥിനെയും ആക്രമിച്ചു. മുഖ്യമന്ത്രി മണിക്ക് ഷഹ ജനവിധി തേടുന്ന ടൗൺ ബഡ്‌ദോയാലി മണ്ഡലത്തിൽ വോട്ടർമാർ ബൂത്തുകളിലേക്ക് എത്തുന്നത് ബിജെപി പ്രവർത്തകർ തടഞ്ഞു.   ടൗൺ ബർദോവാലിക്ക്‌ പുറമെ സുർമ, ജുബരാജ്‌നഗർ, അഗർത്തല മണ്ഡലങ്ങളിലുമാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. സിപിഐ എം മൂന്നിടത്തും ഒരിടത്ത് ഫോർവേഡ് ബ്ലോക്കുമാണ്‌ മത്സരിച്ചത്. ബിജെപി അംഗങ്ങൾക്ക്‌ എംഎൽഎസ്ഥാനം രാജിവച്ചതും ജുബരാജ്‌നഗറിൽ സിപിഐ എം അംഗം മരിച്ചതിനെ തുടർന്നുമാണ്‌ ഉപതെരഞ്ഞെടുപ്പ്‌. 80 ശതമാനത്തിന്‌ അടുത്താണ്‌ പോളിങ്‌. ഞായറാഴ്‌ചയാണ്‌ വോട്ടെണ്ണൽ.    ബിജെപി ഭരണത്തിൽ ത്രിപുരയിൽ നീതിപൂർവമായ തെരഞ്ഞെടുപ്പ് അസാധ്യമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതൻ ചൗധരി പറഞ്ഞു. അഖിലേഷ്‌ യാദവും അസംഖാനും എംപിസ്ഥാനം രാജിവെച്ചതിനെ തുടർന്ന്‌ യുപിയിലെ അസംഗഢ്‌, രാംപുർ ലോക്‌സഭാ മണ്ഡലങ്ങളിലും പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത്‌ മാൻ രാജിവച്ച ഒഴിവിൽ പഞ്ചാബിലെ സംഗ്രൂർ ലോക്‌സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ്‌ നടന്നു. ഡൽഹിയിലെ രജീന്ദർനഗർ, ജാർഖണ്ഡിലെ മന്ഥർ, ആന്ധ്രയിലെ ആത്‌മകുർ എന്നീ നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പുണ്ടായി.   Read on deshabhimani.com

Related News