ജനാധിപത്യം അപകടത്തിൽ ; ഒറ്റക്കെട്ടായി പ്രതിഷേധിച്ച്‌ 
പ്രതിപക്ഷ പാർടികൾ , നിയമപോരാട്ടം തുടരും



ന്യൂഡൽഹി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന്‌ ശിക്ഷിക്കപ്പെട്ടതി‌നു പിന്നാലെ ലോക്‌സഭാ സെക്രട്ടറിയറ്റ്‌ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന്‌ തിടുക്കത്തിൽ അയോഗ്യനാക്കി. അസ്വഭാവികമെന്ന്‌ നിയമവിദഗ്‌ധർ വിശേഷിപ്പിച്ച കീഴ്‌കോടതി വിധിക്കെതിരെ അപ്പീലിനുള്ള അവസരംപോലും നൽകാതെയാണ് ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്‌പൽ കുമാർ സിങ്‌ വെള്ളിയാഴ്‌ച വിജ്ഞാപനമിറക്കിയത്. ഭരണഘടനയുടെ 102(1)ഇ അനുച്ഛേദപ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പുപ്രകാരവും വയനാട്‌ എംപിയായ രാഹുൽ അയോഗ്യനാക്കപ്പെട്ടുവെന്നാണ്‌ വിജ്‌ഞാപനത്തിലുള്ളത്‌. "മോദി' സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റത്തിന്‌ സൂറത്ത്‌ കോടതി വ്യാഴാഴ്‌ചയാണ്‌ രണ്ടുവർഷം തടവിന്‌ വിധിച്ചത്‌. നടപടിയെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എം കെ സ്‌റ്റാലിൻ, മമത ബാനർജി, അരവിന്ദ്‌ കെജ്‌രിവാൾ, കെ ചന്ദ്രശേഖര റാവു, ദേശീയ നേതാക്കളായ ഉദ്ധവ്‌ താക്കറെ, ശരത്‌ പവാർ, അഖിലേഷ്‌ യാദവ്‌, തേജസ്വി യാദവ്‌, നിതീഷ്‌ കുമാർ തുടങ്ങിയവർ അതിശക്തമായ ഭാഷയിൽ അപലപിച്ചു. അദാനി അഴിമതി അടക്കം മോദി സർക്കാരിനെതിരായി ഉയർന്ന ഗുരുതര ആക്ഷേപങ്ങളിൽനിന്ന്‌ ശ്രദ്ധതിരിക്കൽ ലക്ഷ്യമിട്ടാണ്‌ രാഹുലിനെതിരായ നടപടി. എഐസിസി ആസ്ഥാനത്ത്‌ മുതിർന്ന നേതാക്കൾ യോഗം ചേർന്നു. രാഹുലിനെതിരായ മോദി സർക്കാരിന്റെ നീക്കത്തെ മുൻകൂട്ടി കണ്ട്‌ പ്രതിരോധിക്കാന്‍ നേതൃത്വത്തിനായില്ലെന്ന വിമര്‍ശം ശക്തമാണ്. കേസ് നടത്തിപ്പിലും വീഴ്ചയുണ്ടായി. അയോഗ്യത നീങ്ങണമെങ്കിൽ മേൽകോടതി സൂറത്ത്‌ കോടതിയുടെ ശിക്ഷ മരവിപ്പിക്കണം. വിധി മാത്രമായാണ്‌ മരവിപ്പിക്കുന്നതെങ്കിൽ പോലും അയോഗ്യത നിലനിൽക്കും. ശിക്ഷാ കാലയളവ് കഴിഞ്ഞ് ആറ് വർഷം മത്സരിക്കാനാകില്ല. സുപ്രീംകോടതി വരെ നിയമപോരാട്ടം തുടരുമെന്ന്‌ കോൺഗ്രസ്‌ പ്രതികരിച്ചു. കേസ്‌ നീണ്ടാൽ തെരഞ്ഞെടുപ്പ്‌ കമീഷന്‌ വേണമെങ്കിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാം. എംപിയെന്ന നിലയിൽ ഡൽഹിയിൽ അനുവദിച്ചിട്ടുള്ള ബംഗ്ലാവും സർക്കാരിന്‌ പിൻവലിക്കാം. ഇന്ത്യയുടെ ശബ്‌ദത്തിനായുള്ള പോരാട്ടത്തിന്‌ എന്തുവില കൊടുക്കാനും ഒരുക്കമാണെന്ന്‌ രാഹുൽ ട്വിറ്ററിൽ പ്രതികരിച്ചു. പ്രതിഷേധത്തിനും വിലക്ക്‌; എംപിമാർ അറസ്‌റ്റിൽ "ജനാധിപത്യം അപകടത്തിൽ' എന്ന ബാനർ ഉയർത്തി രാഷ്‌ട്രപതി ഭവനിലേക്ക്‌ മാർച്ച്‌ നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്‌റ്റുചെയ്തു. അദാനിയുടെ തട്ടിപ്പ്‌ പാർലമെന്റിൽ ചർച്ചചെയ്യുക,  പ്രതിപക്ഷത്തെ  കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ അടിച്ചമർത്തുന്നത്‌ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. പാർലമെന്റിൽനിന്ന്‌ പ്രകടനമായി നീങ്ങിയ വി ശിവദാസൻ, എ എ റഹിം, എ എം ആരിഫ് ഉൾപ്പെടെയുള്ളഎംപിമാരെ വിജയ്‌ ചൗക്കിൽ പൊലീസ്‌ തടഞ്ഞ്‌ അറസ്റ്റുചെയ്‌തു.  കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള മാര്‍ച്ചില്‍ സിപിഐ എം, സിപിഐ, ബിആർഎസ്‌, എഎപി, ഡിഎംകെ, ശിവസേന പാർടികള്‍ പങ്കെടുത്തു. തൃണമൂൽ കോൺഗ്രസ്‌ വിട്ടുനിന്നു.ആവിഷ്‌കാര സ്വാതന്ത്ര്യം രാജ്യത്ത്‌ അവസാനിച്ചുവെന്നും ഏകാധിപത്യം വൈകാതെ അടിച്ചേൽപ്പിക്കുമെന്നും ഖാർഗെ പറഞ്ഞു. അറസ്‌റ്റുചെയ്‌ത എംപിമാരെ വൈകിട്ടോടെ വിട്ടയച്ചു.   Read on deshabhimani.com

Related News