അമരീന്ദർ പട്യാലയിൽ; കോൺഗ്രസിന്‌ വെല്ലുവിളി



ന്യൂഡൽഹി   പഞ്ചാബിൽ കോൺഗ്രസ്‌ വിട്ട്‌ ബിജെപി മുന്നണിയുടെ ഭാഗമായ മുൻ മുഖ്യമന്ത്രി അമരീന്ദർസിങ്‌ സ്വന്തം തട്ടകം പട്യാലയിൽ ജനവിധി തേടും. മുന്നൂറ്‌ വർഷമായി കുടുംബം താമസിക്കുന്ന പട്യാല കൈവിടില്ലെന്ന്‌ അമരീന്ദറിന്റെ മാധ്യമ ഉപദേശകൻ ട്വിറ്ററിൽ അറിയിച്ചു. അമരീന്ദറിന്റെ പഞ്ചാബ്‌ ലോക്‌കോൺഗ്രസ്‌ ഞായറാഴ്‌ച 22 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപിയും ശിരോമണി അകാലിദളും (സംയുക്ത്‌) ഉൾപ്പെടുന്ന മുന്നണിയിലാണ്‌ പഞ്ചാബ്‌ ലോക്‌കോൺഗ്രസ്‌ മത്സരിക്കുന്നത്‌. 117ൽ 37 സീറ്റാണ്‌ ഇവർക്കായി നീക്കിവച്ചത്‌. ഇതിലേറെയും മാൾവ മേഖലയിലാണ്‌–- 26 സീറ്റ്‌. അമരീന്ദർ പുതിയ പാർടി പ്രഖ്യാപിച്ചതോടെ ശക്തികേന്ദ്രമായിരുന്ന പട്യാലയിൽ കോൺഗ്രസ്‌ ദുർബലപ്പെട്ടു. ഡിസിസി പ്രസിഡന്റ്‌ കെ കെ മൽഹോത്ര, മേയർ സഞ്‌ജീവ്‌ ശർമ, പിആർടിസി ചെയർമാൻ കെ കെ ശർമ തുടങ്ങി മുതിർന്ന നേതാക്കളെല്ലാം കോൺഗ്രസ്‌ വിട്ട്‌ അമരീന്ദറിന്റെ പാർടിയിലെത്തി. രണ്ട്‌ ഡസനോളം കൗൺസിലർമാരും കോൺഗ്രസ്‌ വിട്ടു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പട്യാലയിലെ ഏഴ്‌ മണ്ഡലങ്ങളിൽ ആറിലും ജയിച്ച കോൺഗ്രസിന്‌  ഇക്കുറി അമരീന്ദറിന്റെ പാർടി വെല്ലുവിളിയാണ്‌.   Read on deshabhimani.com

Related News