തെരഞ്ഞെടുപ്പ്‌ കമീഷണർ നിയമനം ; സമിതിയിൽ ചീഫ്‌ ജസ്റ്റിസ്‌ 
അംഗമാകണമെന്ന്‌ സുപ്രീംകോടതി



ന്യൂഡൽഹി തെരഞ്ഞെടുപ്പ്‌ കമീഷണർ നിയമനത്തിനുള്ള നിഷ്‌പക്ഷ സമിതിയിൽ ചീഫ്‌ ജസ്‌റ്റിസ്‌ അംഗമാകുന്നത്‌ വിശ്വാസ്യത വർധിപ്പിക്കുമെന്ന്‌ സുപ്രീംകോടതി. ബാഹ്യസമ്മർദങ്ങൾ ഒന്നും നിയമനത്തെ ബാധിക്കില്ലെന്ന സന്ദേശം നൽകാൻ അതിലൂടെ സാധിക്കുമെന്നും ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ അധ്യക്ഷനായ അഞ്ചംഗബെഞ്ച്‌ വാക്കാൽ നിരീക്ഷിച്ചു. സുതാര്യത ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗങ്ങളുടെ നിയമനത്തിന്‌ നിഷ്‌പക്ഷ സമിതി രൂപീകരിക്കണമെന്ന ഹർജി പരിഗണിച്ചാണ്‌ നിരീക്ഷണം. നിലവിൽ കേന്ദ്രസർക്കാരാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷണറെ തെരഞ്ഞെടുക്കുന്നത്‌. കേന്ദ്രസർക്കാരിനുവേണ്ടി അറ്റോർണി ജനറൽ ആർ വെങ്കടരമണി വാദങ്ങൾ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെ കാലാവധി വെട്ടിക്കുറച്ച നടപടി അവരുടെ വിശ്വാസ്യതയ്‌ക്ക്‌ വലിയ ഇടിവുണ്ടാക്കിയിട്ടുണ്ടെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 2007 മുതൽ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർക്ക്‌ ഉൾപ്പെടെ ചെറിയ സേവനകാലയളവാണ്‌ ലഭിക്കുന്നത്‌. ആറുവർഷമാണ്‌ കാലയളവ്‌. 65 വയസ്സാകുന്നതോടെ ഉദ്യോഗസ്ഥൻ വിരമിക്കണമെന്നും വ്യവസ്ഥയുണ്ട്‌. പലപ്പോഴും രണ്ടുവർഷമോ അതിൽ കുറവോ കാലയളവ്‌ മാത്രമാണ്‌ നൽകുന്നത്‌. കൂടുതൽ കാലയളവ്‌ ലഭിക്കുന്ന രീതിയിൽ നിയമനം നടത്താത്തത്‌ എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. Read on deshabhimani.com

Related News