ബിജെപിക്കു മുന്നില്‍ കാലിടറി കോണ്‍​ഗ്രസ് ; നേരിട്ടത‌് വൻപരാജയം



ന്യൂഡൽഹി ബിജെപിയുമായി നേരിട്ട‌് പൊരുതിയ മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ‌് നേരിട്ടത‌് വൻപരാജയം. ഗുജറാത്ത‌്, രാജസ്ഥാൻ, ഛത്തീസ‌്ഗഢ‌്, ജാർഖണ്ഡ‌്, മഹാരാഷ്ട്ര, ഹിമാചൽപ്രദേശ‌് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ‌് തകർന്നടിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ രാജസ്ഥാൻ, ചത്തീസ‌്ഗഢ‌് തുടങ്ങിയ സംസ്ഥാനങ്ങളിലും കോൺഗ്രസ‌് കൂപ്പുകുത്തി. മഹാരാഷ്ട്രയിൽ പതനം മഹാരാഷ്ട്രയിൽ ബിജെപി–-ശിവസേനാ സഖ്യം 44 സീറ്റും സ്വന്തമാക്കിയതോടെ കോൺഗ്രസും എൻസിപിയും അപ്രസക്തരായി. ശിവസേന 18 സീറ്റും ബിജെപി 23 സീറ്റും ഉറപ്പിച്ചു. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരായ സുശീൽകുമാർ ഷിൻഡേയും അശോക‌്ചവാനും തോറ്റു. മഹാരാഷ്ട്ര നവനിർമാൺ സേനയുടെ പിന്തുണയും കോൺഗ്രസിന‌് ഗുണംചെയ‌്തില്ല. തോൽവി അംഗീകരിക്കുന്നതായും വോട്ടിങ് യന്ത്രങ്ങളിൽ പഴിചാരുന്നില്ലെന്നുമാണ‌് എൻസിപി നേതാവ‌് ശരദ‌് പവാറിന്റെ പ്രതികരണം. കടുത്ത വരൾച്ച നേരിട്ട മഹാരാഷ്ട്രയില്‍ ജനവികാരം മനസ്സിലാക്കുന്നതില്‍ കോൺഗ്രസ് പരാജയപ്പെട്ടതാണ് കനത്ത തോല്‍വിക്ക് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. ഗുജറാത്ത‌ിലും മുന്നേറാനായില്ല ഗുജറാത്ത‌ിൽ തുടർച്ചയായ രണ്ടാം തെരഞ്ഞെടുപ്പിലും ആകെയുള്ള 26 സീറ്റും ബിജെപി തൂത്തുവാരിയപ്പോൾ കോൺഗ്രസ‌് കാഴ‌്ചക്കാരായി. ഇക്കുറി എട്ട‌് സീറ്റെങ്കിലും നേടാമെന്ന സംസ്ഥാന കോൺഗ്രസ‌് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ പിഴച്ചു. 15 മണ്ഡലത്തിൽ ബിജെപി ഒരു ലക്ഷത്തിലേറെ വോട്ടിനാണ് കോൺഗ്രസിനെ കെട്ടുകെട്ടിച്ചത്. ഏഴ‌ു സ്ഥാനാർഥികൾക്ക‌് രണ്ട‌ു ലക്ഷത്തിലേറെയാണ‌് ഭൂരിപക്ഷം. 2017 ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി നില മെച്ചപ്പെടുത്തിയ കോൺഗ്രസിന‌് ഒന്നരവർഷത്തിന‌ുശേഷം നടന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ജനപിന്തുണ നിലനിർത്താനായില്ല. സൗരാഷ്ട്ര–-കച്ച‌് മേഖലയിലെ കാർഷിക പ്രതിസന്ധിയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന‌് നേട്ടമായത‌്. ഈ മേഖലയിൽ 54ൽ 31 സീറ്റും കോൺഗ്രസ‌് നേടിയിരുന്നു. രാജസ്ഥാനില്‍ നേട്ടം ആവര്‍ത്തിക്കാനായില്ല നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയംനേടിയ രാജസ്ഥാനിലും കോൺഗ്രസിന‌് കനത്ത പരാജയം. ആകെയുള്ള 25 സീറ്റും എൻഡിഎ സ്വന്തമാക്കി. മുഖ്യമന്ത്രി അശോക‌് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻപൈലറ്റും തമ്മിലുള്ള അധികാര വടംവലിയാണ‌് രാജസ്ഥാനിൽ കോൺഗ്രസിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചത‌്. അശോക‌്ഗെലോട്ടിന്റെ മകൻ വൈഭവ‌് ഗെലോട്ട‌് ജോധ‌്പുരിൽനിന്നും രണ്ടു ലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെട്ടു. കർഷക പ്രതിസന്ധിയും തൊഴിലില്ലായ‌്മയും പട്ടികജാതി, പട്ടികവർഗപ്രശ‌്നങ്ങളും സജീവമായ രാജസ്ഥാനിൽ ഈ വിഷയങ്ങളിൽ കേന്ദ്രീകരിച്ച‌് ശക്തമായ പ്രചരണം നടത്താൻപോലും കോൺഗ്രസിന‌് കഴിഞ്ഞില്ല. ഛത്തീസ‌്ഗഢിലും തോൽവി രമൺസിങ് സർക്കാരിനെ മറിച്ചിട്ട ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ഛത്തീസ‌്ഗഢിലും കോൺഗ്രസ‌് പച്ച തൊട്ടില്ല. 11 സീറ്റിൽ ഒമ്പത‌ു സീറ്റും ബിജെപി നേടി. കോൺഗ്രസിന‌് രണ്ട‌ു സീറ്റ‌് കൊണ്ട‌് തൃപ‌്തിപ്പെടേണ്ടിവന്നു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 90ൽ 68 സീറ്റും നേടിയാണ‌് കോൺഗ്രസ‌് അധികാരത്തിലെത്തിയത‌്. ശക്തമായ ഭരണവിരുദ്ധവികാരം മനസ്സിലാക്കി സിറ്റിങ് എംപിമാരെ മുഴുവൻ ബിജെപി ഒഴിവാക്കിയിരുന്നു. ജാർഖണ്ഡിൽ ആകെയുള്ള 14 സീറ്റിൽ 12 സീറ്റും എൻഡിഎ സ്വന്തമാക്കി. ബിജെപി 11 സീറ്റും എജെഎസ‌്‌യു ഒരു സീറ്റും ജയിച്ചു. കോൺഗ്രസും ജാർഖണ്ഡ‌് മുക്തിമോർച്ചയും ഓരോ സീറ്റ‌് വീതം നേടി. ഹിമാചൽപ്രദേശിലെ നാല‌ു സീറ്റും ഉത്തരാഖണ്ഡിലെ അഞ്ച‌ു സീറ്റും ബിജെപി നേടിയതോടെ കോൺഗ്രസ‌് നാമാവശേഷമായി. Read on deshabhimani.com

Related News