തെറ്റായ റിപ്പോർട്ടുകൾ : ചാനലുകൾക്ക് 
കോടതി നിയന്ത്രണം



ന്യൂഡൽഹി ഡൽഹി എക്‌സൈസ്‌ നയം സംബന്ധിച്ച വാർത്തകൾ തെറ്റായി റിപ്പോർട്ട്‌ ചെയ്‌തെന്ന ആരോപണത്തിൽ വാർത്താചാനലുകൾക്ക്‌ ഡൽഹി ഹൈക്കോടതി നോട്ടീസ്‌ അയച്ചു. റിപ്പബ്ലിക് ടിവി, ഇന്ത്യാടുഡേ, സീ ന്യൂസ്‌, ടൈംസ്‌ നൗ ചാനലുകൾക്കാണ്‌ നോട്ടീസ്‌. വാർത്തകളും റിപ്പോർട്ടുകളും പരിശോധിക്കാൻ ന്യൂസ്‌ ബ്രോഡ്‌കാസ്‌റ്റിങ് ആൻഡ്‌ ഡിജിറ്റൽ സ്‌റ്റാൻഡേർഡ്‌സ്‌ അതോറിറ്റിക്ക്‌ (എൻബിഡിഎസ്‌എ) ഹൈക്കോടതി നിർദേശം നൽകി. എക്‌സൈസ്‌ നയം സംബന്ധിച്ച് നൽകുന്ന വാർത്തകളെല്ലാം സിബിഐയുടെയും എൻഫോഴ്സ്‌മെന്റിന്റെയും ഔദ്യോഗിക അറിയിപ്പുകളുടെ അടിസ്ഥാനത്തിലാകണം. ‘വാര്‍ത്താ സ്രോതസ്സുകള്‍ അറിയിച്ചു’ എന്ന പേരിൽ തെറ്റായ വാർത്ത നൽകുന്നത്‌ തടയാനാണ്‌ നിർദേശം. ആംആദ്‌മി പാർടി കമ്യൂണിക്കേഷൻ തലവൻ വിജയ്‌നായറുടെ ഹർജിയിലാണ്‌ ഹൈക്കോടതിയുടെ ഇടപെടൽ. വിജയ്‌നായർ ഉൾപ്പെടെയുള്ളവരെ നേരത്തേ എക്‌സൈസ്‌ നയവുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്‌തിരുന്നു.  അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ച പല ചോദ്യങ്ങളും ചാനലുകൾ അതേപോലെ റിപ്പോർട്ട്‌ ചെയ്തത്‌ ദുരൂഹമാണെന്ന്‌ വിജയ്‌നായർ ഹർജിയിൽ പറഞ്ഞു. അതേസമയം, ചാനലുകളെ നിയന്ത്രിക്കാൻ അധികാരമില്ലെന്ന്‌ എൻബിഡിഎസ്‌എ അഭിഭാഷകൻ പറഞ്ഞത്‌ ജസ്‌റ്റിസ്‌ യശ്വന്ത്‌വർമയെ ചൊടിപ്പിച്ചു. കണ്ണിൽ പൊടിയിടാനാണെങ്കിൽ  സംവിധാനം പിരിച്ചുവിടുന്നതായിരിക്കും നല്ലതെന്ന്‌ അദ്ദേഹം വിമർശിച്ചു. Read on deshabhimani.com

Related News