ചാനലുകൾ വിദ്വേഷ പ്രചാരണത്തിന് അരങ്ങൊരുക്കുന്നു : സുപ്രീംകോടതി



ന്യൂഡൽഹി രാജ്യത്ത് ടിവി ചാനലുകൾ വിദ്വേഷ പ്രചാരണത്തിന്‌ അരങ്ങൊരുക്കുന്നുവെന്ന നിശിത വിമർശവുമായി സുപ്രീംകോടതി. ഈ വിഷയത്തില്‍ നടപടിയെടുക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ മൗനത്തെയും ജസ്റ്റിസ്‌ കെ എം ജോസഫ്, ഹൃഷികേഷ്‌ റോയി എന്നിവരുടെ ബെഞ്ച്‌ കുറ്റപ്പെടുത്തി. ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമുള്ള വിദ്വേഷ പ്രചാരണം തടയാന്‍ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന ഹര്‍ജികളാണ് പരി​ഗണിച്ചത്. അതിഥികൾ പരിധി ലംഘിക്കരുതെന്ന്‌ ഉറപ്പാക്കാനുള്ള ബാധ്യത അവതാരകനാണെന്നും എന്നാലത് അവര്‍ ചെയ്യുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. എതിർ സത്യവാങ്‌മൂലം ഇതുവരെ സമർപ്പിക്കാത്ത കേന്ദ്ര സർക്കാർ വിഷയം നിസ്സാരമാണെന്ന്‌ കരുതുന്നുണ്ടോയെന്നും കോടതി ആരാഞ്ഞു. നവംബർ 23നു മുമ്പ്‌ സത്യവാങ്‌മൂലം സമർപ്പിക്കണം. ശത്രുതാമനോഭാവം വെടിഞ്ഞ് വിഷയത്തിൽ കോടതിയെ സഹായിക്കണമെന്നും കേന്ദ്രത്തോട്‌ കോടതി നിര്‍ദേശിച്ചു. 14 സംസ്ഥാനം വിഷയത്തിൽ അഭിപ്രായം അറിയിച്ചെന്ന്‌ അഡീ. സോളിസിറ്റർ ജനറൽ കെ എം നടരാജ്‌ അറിയിച്ചു. Read on deshabhimani.com

Related News