ഇഡിക്ക്‌ 
ഭയപ്പെടുത്താൻ ആയില്ലെന്ന്‌ 
രാഹുൽ



ന്യൂഡൽഹി ഭയപ്പെടുത്താനോ അടിച്ചമർത്താനോ കഴിയില്ലെന്ന്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ഉദ്യോഗസ്ഥർക്കും മനസ്സിലായെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധി. ‘ചോദ്യംചെയ്യുമ്പോൾ, ജനാധിപത്യത്തിനായി പോരാടുന്ന എല്ലാവരും എന്നോടൊപ്പമുണ്ടായിരുന്നു’–- എഐസിസി ആസ്ഥാനത്ത്‌ പ്രവർത്തകരെ അഭിസംബോധനചെയ്‌ത്‌ രാഹുൽ പറഞ്ഞു. നാഷണൽ ഹെറാൾഡ്‌ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ച്‌ ദിവസം 50 മണിക്കൂറോളംനീണ്ട ഇഡിയുടെ ചോദ്യംചെയ്യലിനെക്കുറിച്ചും രാഹുൽ വിശദീകരിച്ചു. ‘എന്നോട്‌ ഒരു ചെറിയ മുറിയിൽ ഇരിക്കാൻ പറഞ്ഞു.അവിടെയുണ്ടായിരുന്ന മൂന്ന്‌ ഉദ്യോഗസ്ഥർ ഇടയ്‌ക്കിടയ്‌ക്ക്‌ പുറത്തുംപോകും. കസേരയിൽ മണിക്കൂറുകൾ കുത്തിയിരുന്നു. എല്ലാ ചോദ്യങ്ങൾക്കും സമാധാനത്തോടെ ഉത്തരം പറഞ്ഞു.  ’–- രാഹുൽ പറഞ്ഞു. ചൊവ്വാഴ്‌ച 12 മണിക്കൂർ ചോദ്യംചെയ്‌തശേഷമാണ്‌ രാഹുലിനെ വിട്ടയച്ചത്‌. ചോദ്യംചെയ്യൽ തൽക്കാലം അവസാനിച്ചെന്ന ആശ്വാസത്തിലാണ്‌ കോൺഗ്രസ്‌ നേതൃത്വം. അതേസമയം, വ്യാഴാഴ്‌ച ഹാജരാകാനാകില്ലെന്ന്‌ സോണിയ ഗാന്ധി ഇഡിയെ അറിയിച്ചു. കോവിഡ്‌, ശ്വാസകോശ അണുബാധ തുടങ്ങിയ അസുഖങ്ങളിൽനിന്നും പൂർണസുഖം പ്രാപിക്കാൻ ഏതാനും ആഴ്‌ചകൾകൂടി എടുക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം ഹാജരാകാം–-സോണിയ കത്തിൽ പറഞ്ഞു. Read on deshabhimani.com

Related News