നിരന്തര സമരങ്ങളുടെ 
വർഷം: തപൻ സെൻ



ശ്യാമൾ ചക്രവർത്തി നഗർ (ബംഗളൂരു) രാജ്യത്ത് സമരപരമ്പരകളുടെ വർഷമായിരിക്കും 2023 എന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. കർഷകരും തൊഴിലാളികളും ചേർന്ന് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ യോജിച്ച സമരത്തിനുള്ള നടപടികളാണ് അഖിലേന്ത്യ സമ്മേളനം പ്രധാനമായും ചർച്ച ചെയ്തതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സിഐടിയു ഘടകങ്ങളെയും അഫിലിയേറ്റ് ചെയ്ത ഫെഡറേഷനുകളെയും ഈ പോരാട്ടം ഏറ്റെടുക്കാൻ തക്കവണ്ണം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുണ്ടാകും. സമ്മേളനകാലയളവിലെ പ്രവർത്തനങ്ങളിൽ വന്ന നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി സ്വയം വിമർശനാത്മക റിപ്പോർട്ടാണ് അവതരിപ്പിച്ചത്. വീഴ്ചകൾ പരിഹരിക്കാനുള്ള ക്രിയാത്മക നിർദേശങ്ങൾ പ്രതിനിധികൾ പങ്കുവച്ചു. രണ്ടുഭാഗമായി അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ വിവിധ സംസ്ഥാനങ്ങളെയും തൊഴിൽവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്‌ത്‌ 98 പേർ പങ്കെടുത്തു. ശനിയാഴ്ച, നാല് കമീഷൻ ചർച്ചയിൽ ഇരുനൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. എഴുതി നൽകിയ നിർദേശങ്ങളും ക്രോഡീകരിച്ച് ഞായറാഴ്ച സമ്മേളനത്തിൽ അവതരിപ്പിക്കും. ഭാവികടമകൾ ഏറ്റെടുക്കാനുള്ള രേഖയും സമ്മേളനം അംഗീകരിക്കും–- തപൻ സെൻ പറഞ്ഞു.   Read on deshabhimani.com

Related News