ബ്രിജ്‌ഭൂഷണിനെ പിന്തുണച്ച്‌ ഗുസ്‌തി ഫെഡറേഷൻ



ന്യൂഡൽഹി ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെ പൂർണമായും പിന്തുണച്ച്‌ റെസ്‌ലിങ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ. ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം നിലവിലെ ഭരണസമിതിയെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന്‌ കേന്ദ്ര കായിക മന്ത്രാലയത്തിന്‌ കൈമാറിയ കത്തിൽ ഫെഡറേഷൻ ആരോപിച്ചു. ഗുസ്‌തി താരങ്ങളുടെ പ്രതിഷേധത്തിൽ ഫെഡറേഷന്റെ നിലപാട്‌ കായിക മന്ത്രാലയം തേടിയിരുന്നു. ലൈംഗിക പീഡനമടക്കം താരങ്ങളുടെ എല്ലാ ആരോപണങ്ങളെയും ഫെഡറേഷൻ തള്ളി. ആരോപണങ്ങൾ പരിശോധിക്കുന്നതിന്‌ കേന്ദ്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മേൽനോട്ട സമിതിയിലെ അംഗങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ല. ലൈംഗിക പീഡനമടക്കം എല്ലാ ആരോപണങ്ങളും സമിതി പരിശോധിക്കുമെന്ന്‌ കേന്ദ്ര കായിക മന്ത്രി അനുരാഗ്‌ സിങ്‌ ഠാക്കൂർ ചർച്ചയിൽ ഗുസ്‌തി താരങ്ങൾക്ക്‌ ഉറപ്പ്‌ നൽകിയിരുന്നു. ഗുസ്‌തി ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല മേൽനോട്ട സമിതിക്ക്‌ കൈമാറുമെന്നും അന്വേഷണം പൂർത്തിയാകുംവരെ ബ്രിജ്‌ഭൂഷൺ മാറിനിൽക്കുമെന്നുമാണ്‌ മന്ത്രി നൽകിയ ഉറപ്പ്‌. ഇതിന്റെ അടിസ്ഥാനത്തിൽ ജന്തർമന്തറിൽ മൂന്ന്‌ ദിവസമായി തുടർന്ന പ്രതിഷേധം ഗുസ്‌തി താരങ്ങൾ അവസാനിപ്പിച്ചു. മേൽനോട്ട സമിതി അംഗങ്ങളെ ശനിയാഴ്‌ച തന്നെ പ്രഖ്യാപിക്കാമെന്ന്‌ കേന്ദ്രം അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഞായറാഴ്‌ച പ്രഖ്യാപിക്കുമെന്ന്‌ മന്ത്രാലയം അറിയിച്ചു. അതിനിടെ, റെസ്‌ലിങ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ അസിസ്‌റ്റന്റ്‌ സെക്രട്ടറി വിനോദ്‌ തോമറിനെ കേന്ദ്ര സർക്കാർ സസ്‌പെന്റുചെയ്‌തു. Read on deshabhimani.com

Related News