ബിഎസ്‌എൻഎൽവാങ്ങാനാളുണ്ടോ ; റോഡ്, റെയിൽവേ, ഖനി, തുറമുഖ വില്‍പ്പന പിന്നാലെ



  ന്യൂഡൽഹി പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും (മഹാന​ഗര്‍ ടെലകോം ലിമിറ്റഡ്)  ഭൂസ്വത്ത് വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ നടപടിയാരംഭിച്ചു. കേന്ദ്രസര്‍ക്കാര‍് പൊതുസ്വത്ത് വില്‍ക്കാന്‍ രൂപീകരിച്ച പ്രത്യേക വകുപ്പായ ഡൈപ്പാം  വിറ്റഴിക്കുന്ന ഭൂസ്വത്തിന്റെ പട്ടിക പ്രസിദ്ധപ്പെടുത്തി. വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്‌ ടെൻഡര്‍ നല്‍കാം. 1100 കോടി രൂപയാണ്‌ അടിസ്ഥാനവില. രണ്ട് സ്ഥാപനത്തിനും രാജ്യവ്യാപകമായി ആയിരക്കണക്കിന്‌ കോടിയുടെ സ്വത്തുണ്ടെന്ന്‌ ഡൈപ്പാം കണ്ടെത്തി. ആദ്യ ഘട്ടമായി ആറ്‌ ഭൂസ്വത്ത്‌ വിൽക്കും. ഘട്ടംഘട്ടമായി മറ്റുള്ളവയും. ടെലികോം മേഖലയിൽ അംബാനിയുടെ റിലയൻസിനെയും മറ്റും പ്രോത്സാഹിപ്പിക്കുന്ന മോദി സർക്കാർ സ്‌പെക്‌ട്രംപോലും അനുവദിക്കാതെ ബിഎസ്‌എൻഎല്ലിനെയും എംടിഎൻഎല്ലിനെയും തളർത്തി. ഇതിനു പുറമെയാണ്‌ ഇപ്പോഴത്തെ സ്വത്ത്‌ വിറ്റഴിക്കൽ. ടെലികോം ഭൂസ്വത്തുക്കൾ വിറ്റുകൊണ്ട്‌ മോദി സർക്കാരിന്റെ വിറ്റഴിക്കൽ പദ്ധതിക്ക്‌ തുടക്കം കുറിക്കുകയാണെന്ന്‌ ഡൈപ്പാം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ട്വിറ്ററിൽ കുറിച്ചു. വിൽപ്പനയ്‌ക്ക്‌ വയ്‌ക്കുന്ന ഭൂസ്വത്തുക്കളുടെ പട്ടിക ഉൾപ്പെടുത്തിയുള്ള വെബ്‌ പോർട്ടലിന്റെ ലിങ്കും സെക്രട്ടറി പങ്കുവച്ചിട്ടുണ്ട്‌. പ്രധാനമല്ലാത്ത (നോൺ കോർ) സ്വത്തുക്കളുടെ വിഭാഗത്തിലാണ്‌ ഇപ്പോൾ വിൽപ്പനയ്‌ക്ക്‌ വയ്‌ക്കുന്ന ടെലികോം സ്വത്തുക്കളെ ഉൾപ്പെടുത്തിയത്‌. പ്രധാന സ്വത്തുക്കളുടെ വിൽപ്പനയ്‌ക്ക്‌ വൈകാതെ തുടക്കമിടുമെന്നും ഡൈപ്പാം സെക്രട്ടറി പറഞ്ഞു. പൊതുസ്വത്ത് വിറ്റ് നാലു വർഷംകൊണ്ട്‌ ആറു ലക്ഷം കോടി രൂപ നേടാനാണ്‌ മോദി സർക്കാർ ലക്ഷ്യമിടുന്നത്‌. ഇതിൽ മൂന്നു ലക്ഷം കോടിയിലേറെ രൂപ റോഡുകളുടെയും റെയിൽവേയുടെയും വിൽപ്പനയിലൂടെയാകും. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഖനികൾ, എണ്ണ–- വാതക കുഴലുകൾ, ടെലികോം സ്വത്തുക്കൾ എന്നിവ വിറ്റഴിച്ച്‌ ശേഷിക്കുന്ന തുക കണ്ടെത്തും.   Read on deshabhimani.com

Related News