ആറാം ദിവസവും പാർലമെന്റ്‌ സ്‌തംഭിപ്പിച്ച്‌ ബിജെപി



ന്യൂഡൽഹി അദാനി അഴിമതി പ്രതിപക്ഷ പാർടികൾ ഉന്നയിക്കുന്നത്‌ തടയുകയെന്ന ലക്ഷ്യത്തോടെ ബിജെപി തുടർച്ചയായ ആറാം ദിവസവും പാർലമെന്റിന്റെ ഇരുസഭയിലും നടപടികൾ തടസ്സപ്പെടുത്തി. ഭരണകക്ഷി അംഗങ്ങളുടെ ബഹളത്തെതുടർന്ന്‌ ലോക്‌സഭയും രാജ്യസഭയും നടപടികളിലേക്ക്‌ കടക്കാതെ ചൊവ്വാഴ്‌ച ചേരാനായി പിരിഞ്ഞു. അദാനിയെ സംരക്ഷിക്കാനാണ്‌ ബിജെപിക്കാർ പാർലമെന്റ്‌ സ്‌തംഭിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ്‌ ഇതെന്നും പ്രതിപക്ഷ പാർടികൾ ആരോപിച്ചു. തിങ്കളാഴ്‌ച സഭ ചേരുന്നതിനുമുമ്പായി പ്രതിപക്ഷ പാർടി നേതാക്കൾ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ യോഗം ചേർന്നു. അദാനി വിഷയത്തിൽ അന്വേഷണമെന്ന ആവശ്യം ഇരുസഭയിലും ശക്തമായി ഉന്നയിക്കാൻ യോഗത്തിൽ ധാരണയായി.   ഇരുസഭയും ചേർന്നപ്പോൾ യുകെ പരാമർശങ്ങളിൽ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി എംപിമാർ ഒച്ചപ്പാടാരംഭിച്ചു. പ്രതിപക്ഷം പ്രതിഷേധിക്കുമ്പോൾ കർശന നിലപാട്‌ സ്വീകരിക്കാറുള്ള ലോക്‌സഭാ സ്‌പീക്കറും രാജ്യസഭാ അധ്യക്ഷനും ബിജെപിയുടെ ബഹളം നിയന്ത്രിക്കാൻ ഒരു ശ്രമവും നടത്തിയില്ല. ഇരുസഭയും രണ്ടുവരെ നിർത്തിയിട്ട്‌ ചേർന്നപ്പോഴും ബഹളം തുടർന്നതിനാൽ ചൊവ്വാഴ്‌ചത്തേക്ക്‌ പിരിഞ്ഞു. Read on deshabhimani.com

Related News