ബിബിസി ഡോക്യുമെന്ററി ; നാണംകെട്ട്‌ മോദിയും ബിജെപിയും



ന്യൂഡൽഹി ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക്‌ വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി കേന്ദ്ര സർക്കാരിനും ബിജെപിക്കും കനത്ത ആഘാതമായി. ജി–-20 ഉച്ചകോടിക്ക്‌ ആതിഥേയത്വം വഹിച്ച്‌ അന്തർദേശീയതലത്തിൽ സ്വീകാര്യനെന്ന്‌ വരുത്താൻ മോദിയും കേന്ദ്രവും കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ്‌ ബിബിസി ഡോക്യുമെന്ററി  ‘ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യൻ’ പുറത്തുവന്നത്‌. ഗൂഢാലോചനയെന്ന്‌ ആരോപിച്ച്‌  വിദേശ മന്ത്രാലയം തള്ളിയെങ്കിലും ഡോക്യുമെന്ററിക്ക്‌ ആഗോളതലത്തിൽ വൻവാർത്താപ്രാധാന്യം ലഭിച്ചു. ഡോക്യുമെന്ററിയിലൂടെ, ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരിക്കെ അരങ്ങേറിയ വംശഹത്യയുടെ നീറുന്ന ഓർമകൾ വീണ്ടും അന്തർദേശീയമായി ചർച്ചയായി. 2002ലെ വംശഹത്യയുടെ കാരണങ്ങൾ അറിയാൻ യുകെ സർക്കാർ ഔദ്യോഗികമായി നിയമിച്ച സംഘത്തിന്റെ റിപ്പോർട്ട്‌ ഉദ്ധരിച്ചാണ്‌ രണ്ട്‌ ഭാഗമായുള്ള ബിബിസി ഡോക്യുമെന്ററി. ഇതുവരെ പുറത്തുവരാതിരുന്ന അന്വേഷണറിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ ഡോക്യുമെന്ററിയിലുണ്ട്‌. വംശഹത്യാവേളയിൽ യുകെയുടെ വിദേശ  സെക്രട്ടറിയായിരുന്ന ജാക്ക്‌ സ്‌ട്രോ അടക്കം പല പ്രമുഖരുടെയും പ്രതികരണങ്ങളുമുണ്ട്‌.  കലാപത്തിന്റെ നേരിട്ടുള്ള ഉത്തരവാദി മുഖ്യമന്ത്രിയായിരുന്ന മോദിയാണെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. പ്രത്യേകമായി താൽപ്പര്യമെടുത്താണ്‌ അന്വേഷണത്തിന്‌ സംഘത്തെ വച്ചതെന്ന്‌ സ്‌ട്രോ വ്യക്തമാക്കുന്നു. ഗുജറാത്തിലേക്ക്‌ സംഘത്തെ അയച്ച്‌, എന്താണ്‌ സംഭവിച്ചതെന്ന്‌ നേരിട്ടു മനസ്സിലാക്കി. വിശദമായ റിപ്പോർട്ട്‌ സമർപ്പിച്ചു. പൊലീസിനെ പിൻവലിക്കുന്നതിലും ഹിന്ദു തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതിലും മോദി സജീവ പങ്കുവഹിച്ചെന്ന്‌ റിപ്പോർട്ട്‌ പറയുന്നു–- സ്‌ട്രോ പറഞ്ഞു. പുറത്തുവന്നതിലും ഭീകരമാണ്‌ കാര്യങ്ങളെന്നും റിപ്പോർട്ടിലുണ്ട്‌. മുസ്ലിം സ്‌ത്രീകൾ ആസൂത്രിതമായി ബലാൽസംഗം ചെയ്യപ്പെട്ടു. രാഷ്ട്രീയപ്രേരിതമായിരുന്ന കലാപത്തിൽ ഹിന്ദു മേഖലകളിൽനിന്ന്‌ മുസ്ലിങ്ങളെ ആട്ടിപ്പായിക്കുകയായിരുന്നു ലക്ഷ്യം–- റിപ്പോർട്ട്‌ തുടർന്നു. Read on deshabhimani.com

Related News