മനുഷ്യാവകാശങ്ങളെ ബാധിക്കുന്ന 
വിധി പുനഃപരിശോധിക്കണം ; സുപ്രീംകോടതിയോട്‌ അന്താരാഷ്ട്ര പണ്ഡിതർ



ന്യൂഡൽഹി മനുഷ്യാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സമീപകാലത്തെ വിധികൾ സുപ്രീംകോടതി പുനഃപരിശോധിക്കണമെന്ന്‌ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയരായ പണ്ഡിതർ. ഗുജറാത്ത്‌ വംശഹത്യയില്‍ നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ്‌ നൽകിയതിനെതിരായ സാക്കിയാജാഫ്രിയുടെ ഹർജി തള്ളിയ ഉത്തരവ് പൗരാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധിക്ക്  ഉദാഹരണമായി ചൂണ്ടിക്കാട്ടി. നോംചോംസ്‌കി, അർജുൻഅപ്പാദുരെ, വെണ്ടിബ്രൗൺ, ഷെൽഡെൻപൊള്ളോക്ക്‌, കരോൾ റൊവാനെ, ചാൾസ്‌ടെയ്‌ലർ, ബിക്കുപരേഖ്‌, ജെറാൾഡ്‌ എപ്പ്‌സ്‌റ്റെയിൻ തുടങ്ങിയവർ പ്രസ്‌താവനയിൽ ഒപ്പിട്ടിട്ടുണ്ട്‌. സുപ്രീംകോടതി മുൻ ജഡ്‌ജി മദൻ ബി ലോക്കുർ ഉൾപ്പെടെയുള്ളവർ ഈ ഉത്തരവിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവിൽ ഹർജിക്കാരിക്കും അവരെ സഹായിച്ചവർക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന അനാവശ്യ പരാമർശം കോടതിയുടെ ഭാഗത്ത്‌ നിന്നുണ്ടായി. തുടർന്ന്‌, ടീസ്‌താസെതൽവാദ്‌, ആർ ബി ശ്രീകുമാർ എന്നിവർ അറസ്‌റ്റ്‌ ചെയ്യപ്പെട്ടു. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടവരാണെങ്കിലും അവരുടെ വാദം അവതരിപ്പിക്കാൻ അവസരം നൽകുകയെന്ന സാമാന്യനീതി നിഷേധിക്കപ്പെട്ടു. അടിയന്തരാവസ്ഥ ഒഴിച്ചുള്ള ഘട്ടങ്ങളിൽ എല്ലാം ജനാധിപത്യമൂല്യങ്ങളെയും സംരക്ഷിക്കുന്ന നിലപാടാണ്‌ സുപ്രീംകോടതി സ്വീകരിച്ചിട്ടുള്ളത്‌. അതിന്‌ വിരുദ്ധമായ ഉത്തരവ്‌ പുനഃപരിശോധിക്കാനും തെറ്റ്‌ തിരുത്താനും സുപ്രീംകോടതി തയ്യാറാകണമെന്നും പണ്ഡിതർ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News