സാമ്പത്തികമാനദണ്ഡമുണ്ടെങ്കിൽ പാലിക്കണം ; ആശ്രിതനിയമനത്തില്‍ സുപ്രീംകോടതി



ന്യൂഡൽഹി ആശ്രിതനിയമനം നൽകുമ്പോൾ സാമ്പത്തികമാനദണ്ഡം പാലിക്കണമെന്ന ചട്ടമുണ്ടെങ്കിൽ അവഗണിക്കാൻ പാടില്ലെന്ന്‌ സുപ്രീംകോടതി. അല്ലെങ്കിൽ, കൂടുതൽ സാമ്പത്തികപ്രതിസന്ധിയുള്ള ആളുകൾ ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്ന്‌ ജസ്‌റ്റിസുമാരായ ഇന്ദിരാ ബാനർജി, വി രാമസുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു. സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലെ ആശ്രിതനിയമനത്തിന്‌ സാമ്പത്തികമാനദണ്ഡം ബാധകമാക്കേണ്ടെന്ന ബോംബെ ഹൈക്കോടതി ഉത്തരവിന്‌ എതിരായ അപ്പീൽ ശരിവച്ചാണ്‌ നിരീക്ഷണം. വിരമിച്ച ജീവനക്കാരൻ അവസാനം വാങ്ങിയ മൊത്തശമ്പളത്തിന്റെ 60 ശതമാനത്തിൽ കൂടുതൽ മാസവരുമാനമുള്ള കുടുംബങ്ങൾക്ക്‌ ആശ്രിതനിയമനത്തിന്‌ അർഹത ഇല്ലെന്നാണ് ബാങ്കിന്റെ വ്യവസ്ഥ. ആരോഗ്യകാരണങ്ങളാൽ വിരമിച്ച ജീവനക്കാരന്റെ മകന്‌ ആശ്രിത നിയമനം നൽകാനാകില്ലെന്നും നിലപാട്‌ സ്വീകരിച്ചു. ഇതിനെതിരെ നൽകിയ അപ്പീൽ സ്വീകരിച്ച ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ്‌ ബെഞ്ച്‌ നിയമനകാര്യം പരിഗണിക്കണമെന്ന്‌ നിർദേശിച്ചു. ഈ വിധിയാണ് തള്ളിയത്. Read on deshabhimani.com

Related News