കോവിഡ്‌ ധനസഹായവിതരണം : സുപ്രീംകോടതിക്ക്‌ കടുത്ത അതൃപ്‌തി



ന്യൂഡൽഹി കോവിഡിൽ മരിച്ച മുഴുവൻപേരുടെയും ആശ്രിതർക്കുള്ള ധനസഹായവിതരണം സംസ്ഥാനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്ന്‌ സുപ്രീംകോടതി. ആരും നിയമത്തിന്‌ മുകളിലല്ലെന്നും ധനസഹായവിതരണം വേഗത്തിലാക്കാൻ ഇടപെടുമെന്നും ജസ്‌റ്റിസ്‌ എം ആർ ഷാ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. ചില സംസ്ഥാനങ്ങളിൽ ഔദ്യോഗികകണക്കും അപേക്ഷകരുടെ എണ്ണവും തമ്മിലുള്ള വലിയ വ്യത്യാസം ഗുരുതര വിഷയമാണെന്ന്‌ ബെഞ്ചിൽ അംഗമായ ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ഖന്ന അഭിപ്രായപ്പെട്ടു. ‘മരിച്ചവരുടെ ആശ്രിതർ അപേക്ഷയുമായി വരുന്നത്‌ കാത്തിരിക്കുന്നതിനുപകരം അങ്ങോട്ട്‌ ചെന്ന്‌ സഹായം നൽകണം. ധനസഹായവിതരണ മേൽനോട്ടത്തിന്‌ സംസ്ഥാന, ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റികളെ ചുമതലപ്പെടുത്തുന്നതും പരിഗണിക്കും. പല സംസ്ഥാനങ്ങളിലും  ധനസഹായവിതരണം ഇഴയുന്നതിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയാണ്‌ സുപ്രീംകോടതി നിരീക്ഷണം.  കണക്കുകൾ ഹാജരാക്കുന്നതിൽ വീഴ്‌ച വരുത്തിയ ബിഹാർ, ആന്ധ്രപ്രദേശ്‌ ചീഫ്‌സെക്രട്ടറിമാരെ സുപ്രീംകോടതി വിളിച്ചുവരുത്തി. ബുധനാഴ്‌ച പകൽ രണ്ടിന്‌ ഇരുസംസ്ഥാനത്തെയും ചീഫ്‌സെക്രട്ടറിമാർ ഓൺലൈനിൽ കോടതി മുമ്പാകെ ഹാജരായി വിശദീകരണം നൽകി. 23,652 പേർക്ക്‌ നഷ്ടപരിഹാരം 
നല്‍കി കേരളം സംസ്ഥാനത്ത്‌ 49,300 പേര്‍ കോവിഡിനിരയായെന്നും ലഭിച്ച 27,274 അപേക്ഷയില്‍ 23,652ലും നഷ്ടപരിഹാരം നല്‍കിയെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.178 എണ്ണം തള്ളി. 891എണ്ണം മടക്കി. 2847ൽ നടപടി പുരോഗമിക്കുന്നു. ജനുവരി അഞ്ചുവരെ ലഭിച്ച എല്ലാ അപേക്ഷയും തീർപ്പാക്കി.  കോവിഡ്‌ നഷ്ടപരിഹാരം സംബന്ധിച്ച്‌ പ്രചാരണപരിപാടി സംഘടിപ്പിച്ചു. രാജ്യത്തിന്‌ പുറത്തുള്ളവർ കോവിഡിൽ മരിച്ചാൽ ആശ്രിതർക്കും നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന്‌  മുഖ്യമന്ത്രി പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.  സുപ്രീംകോടതി ഉത്തരവ്‌ കാര്യക്ഷമമായി നടപ്പാക്കുമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. സംസ്ഥാനസർക്കാരിനുവേണ്ടി സ്‌റ്റാൻഡിങ് കോൺസൽ നിഷേരാജൻ ശങ്കർ ഹാജരായി.   Read on deshabhimani.com

Related News