കശ്‌മീരിൽ തെരഞ്ഞെടുപ്പ്‌ നീട്ടാന്‍ കേന്ദ്രം ; ജമ്മു കശ്‌മീരിനെ വീണ്ടും വിഭജിച്ച്‌ കേന്ദ്രീകൃത സ്വഭാവം ഇല്ലാതാക്കാനെന്ന്‌ പ്രതിപക്ഷം



ന്യൂഡൽഹി പ്രത്യേകപദവി എടുത്തുകളഞ്ഞ് രണ്ടായി വിഭജിച്ച ജമ്മു കശ്‌മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ നീട്ടിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ജില്ലാ വികസന കൗൺസിലുകൾ രൂപീകരിക്കാനും ഇവയിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടത്താനുള്ള നീക്കം ഇതിന്റെ ഭാ​ഗം. ജമ്മു കശ്‌മീരിന്‌ 2019 ആഗസ്‌ത്‌ അഞ്ചിനു മുമ്പുണ്ടായ ഭരണഘടനാപരമായ പദവി പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  ആറു മുഖ്യധാര രാഷ്ട്രീയപാർടി ഒന്നിച്ചതിനു പിന്നാലെയാണ്‌ കേന്ദ്ര നീക്കം. ജമ്മു കശ്‌മീർ ജനതയുടെ പൊതു രാഷ്ട്രീയശബ്ദം ഉയരുന്നത്‌ തടയാനാണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ വൈകിക്കുന്നതെന്ന്‌ പിഡിപി നേതാവ്‌ നയീം അക്‌തർ പറഞ്ഞു. നാഷണൽ കോൺഫറൻസ്‌, പിഡിപി, സിപിഐ എം, പീപ്പിൾസ്‌ കോൺഫറൻസ്‌, ജെകെ പീപ്പിൾസ്‌ മൂവ്‌മെന്റ്‌, അവാമി നാഷണൽ കോൺഫറൻസ്‌ എന്നീ പാർടികളാണ്‌ ഒറ്റക്കെട്ടായ പോരാട്ടത്തിന് കൈകോര്‍ത്തത്. ശ്രീനഗറിൽ മുൻ മുഖ്യമന്ത്രി ഫാറൂഖ്‌ അബ്ദുള്ളയുടെ  വസതിയിൽ 17ന്‌ ചേർന്ന യോഗമാണ്‌ ഇക്കാര്യം നിശ്‌ചയിച്ചത്‌. എന്നാൽ, ജമ്മു- കശ്‌മീരിൽ  രാഷ്ട്രീയപ്രവർത്തനം സാധാരണ നില കൈവരിക്കുന്നതിനോട്‌ കേന്ദ്രസർക്കാരിനു താൽപ്പര്യമില്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ പുതിയ തീരുമാനം. സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമായി വെട്ടിമുറിച്ചതിനുപിന്നാലെ ജമ്മു കശ്‌മീരിൽ നിയമസഭ രൂപീകരിക്കുമെന്നും ലഡാക്കിൽ ഇതുണ്ടാകില്ലെന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ജമ്മു കശ്‌മീരിനെത്തന്നെ വിഭജിച്ച്‌ കേന്ദ്രീകൃത സ്വഭാവം ഇല്ലാതാക്കാനും കൂട്ടായ ശബ്ദം ഉയരുന്നത് തടയാനുമാണ്‌ ശ്രമിക്കുന്നതെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജമ്മു കശ്‌മീർ പഞ്ചായത്ത്‌ രാജ്‌ നിയമം ഭേദഗതി ചെയ്‌താണ്‌ ജില്ലാ കൗൺസിലുകൾ രൂപീകരിക്കുന്നത്‌. ഓരോ ജില്ലയിലും 14 മണ്ഡലം  ഉണ്ടായിരിക്കും. ഇതിനുള്ള വിജ്ഞാപനം ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇറങ്ങും. Read on deshabhimani.com

Related News