ചെലവ് ചുരുക്കല്‍ : ആർമി ഡേ പരേഡ്‌ കരസേന ഉപേക്ഷിക്കും



ന്യൂഡൽഹി ചെലവുചുരുക്കല്‍ നിർദേശത്തിന്റെ ഭാഗമായി ‘ആർമി ഡേ’ പരേഡ്‌ അടക്കമുള്ള ചടങ്ങുകൾ കരസേന ഉപേക്ഷിക്കുന്നു. ബ്രാസ്‌ ബാൻഡുകൾ, യൂണിറ്റുകളിലെ ക്വാർട്ടർ ഗാർഡുകൾ തുടങ്ങിയ ആചാരപരമായ ചടങ്ങുകളിലും ഓഫീസർമാർക്കുള്ള മെസ്, പീസ്‌ സ്‌റ്റേഷൻ യൂണിറ്റുകളിലെ ക്യാന്റീന്‍ എന്നിവയിലും വെട്ടിക്കുറവുണ്ടാകും. സൈനികാചാരങ്ങളും നടപടികളും ആഭ്യന്തരമായി പുനഃപരിശോധിച്ച്‌ തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ ഇത്തരം നിര്‍ദേശങ്ങള്‍. നിർദേശങ്ങൾക്ക്‌ പൊതുവിൽ സ്വീകാര്യതയുണ്ടെങ്കിലും ആർമി ഡേ പരേഡും ടെറിറ്റോറിയൽ ആർമി ഡേ പരേഡും ഒഴിവാക്കുന്നതിൽ ചില കേന്ദ്രങ്ങളിൽ അസ്വസ്ഥതയുണ്ട്‌. റിപ്പോർട്ടിലെ നിർദേശപ്രകാരം ബാൻഡുകളും പൈപ്പ്‌ ആൻഡ്‌ ഡ്രമ്മുകളും നിലവിലെ 30ൽനിന്ന്‌ 18 ആയി ചുരുങ്ങും. വിജയ്‌ ദിവസ്‌, കാർഗിൽ വിജയ്‌ ദിവസ്‌ തുടങ്ങിയ ചടങ്ങുകളുടെ ‘പൊലിമ’ കുറയ്‌ക്കും. അവാർഡ്‌ വിതരണം ഡൽഹിയിൽ വർഷത്തിലൊരിക്കലാക്കും. ജനറൽമാരുടെ വീടുകളിലുള്ള ഗാർഡുകളുടെ എണ്ണം നാലായി കുറയ്‌ക്കും. പീസ്‌ സ്‌റ്റേഷൻ യൂണിറ്റുകളിൽ ഓഫീസർമാർക്കുള്ള വിവിധ മെസുകൾ ഒന്നാക്കും. ജനറൽമാർക്കുള്ള എസ്‌കോർട്ടും മറ്റും ചുരുക്കം ചടങ്ങുകളിലേക്ക്‌ മാത്രമാക്കും. വിവിധ മോട്ടോർ സൈക്കിൾ സംഘങ്ങളെ ഒന്നാക്കി മാറ്റും. Read on deshabhimani.com

Related News