എൻഐസിയിൽ സൈബർ ആക്രമണം



ന്യൂഡൽഹി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സൂക്ഷിച്ച നാഷണൽ ഇൻഫൊർമാറ്റിക്‌സ്‌ സെന്ററിനു (എ‌ൻഐസി) നേരെ സൈബർ ആക്രമണം. സെപ്‌തംബർ ആദ്യവാരമാണ്‌ ആക്രമണം‌. തന്ത്രപ്രധാനമായ വിവരം ചോർന്നെന്ന് സംശയം‌. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവൽ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ വിവരങ്ങൾ സൂക്ഷിച്ച കംപ്യൂട്ടറുകളിലാണ്‌ സൈബർ ആക്രമണം‌. ഡൽഹി പൊലീസ്‌ സ്‌പെഷ്യൽസെൽ അന്വേഷണം തുടങ്ങി. എൻഐസിയിലെ കംപ്യൂട്ടറില്‍ വന്ന ഇ മെയിൽ തുറന്നതോടെയാണ്‌ പ്രശ്‌നം തുടങ്ങിയത്‌. അറ്റാച്ച്‌മെന്റ്‌ ഡൗൺലോഡ്‌ ചെയ്‌ത കംപ്യൂട്ടറിലെ വിവരങ്ങൾ മുഴുവൻ നഷ്ടപ്പെട്ടു. പിന്നാലെ നൂറോളം കംപ്യൂട്ടറിലും പ്രശ്‌നം തുടങ്ങി. ബംഗളൂരുവിലെ ഐടി കമ്പനിയിൽനിന്നാണ്‌ ഇ -മെയിൽ എത്തിയതെന്നാണ്‌‌ നിഗമനം. എന്നാൽ, ബംഗളൂരു ഐടി കമ്പനിയുടെ പ്രോക്‌സി സർവർ ഉപയോഗിച്ച്‌ അമേരിക്കയിൽനിന്നാണ്‌ മെയിൽ അയച്ചതെന്ന്‌ വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്‌തു.  രാജ്യത്ത്‌ സർക്കാർമേഖലയിൽ വിവരസാങ്കേതിക സേവനങ്ങൾക്കും ടെലി കമ്യൂണിക്കേഷൻ സാങ്കേതികവിദ്യക്കും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന്‌ കേന്ദ്രസർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ശാസ്‌ത്ര സാങ്കേതിക സ്ഥാപനമാണ്‌ എൻഐസി. Read on deshabhimani.com

Related News