സിമി ഭരണഘടന അംഗീകരിക്കുന്നില്ല : കേന്ദ്രം സുപ്രീംകോടതിയിൽ



ന്യൂഡൽഹി ഇസ്ലാമികഭരണം സ്ഥാപിക്കുന്നതടക്കം സ്‌റ്റുഡന്റ്‌സ്‌ ഇസ്ലാമിക് മൂവ്‌മെന്റ്‌ ഓഫ്‌ ഇന്ത്യയുടെ (സിമി) പല ഉദ്ദേശ്യലക്ഷ്യങ്ങളും ഭരണഘടനാ വിരുദ്ധമായതിനാലാണ്‌ വിലക്ക്‌ ഏർപ്പെടുത്തിയതെന്ന്‌ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ഇസ്ലാമിനായി ജിഹാദ്‌, ദേശീയതയെ തകർക്കൽ, ഇസ്ലാമികഭരണം സ്ഥാപിക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ്‌ സിമി പ്രവർത്തിച്ചതെന്ന്‌ സത്യവാങ്‌മൂലത്തിൽ വിശദീകരിച്ചു. യുഎപിഎ പ്രകാരം 2019ൽ സിമിയുടെ വിലക്ക്‌ നീട്ടിക്കൊണ്ടുള്ള വിജ്ഞാപനത്തെ ചോദ്യംചെയ്‌ത്‌ ഹുമാം അഹമ്മദ്‌ സിദ്ദിഖി സമർപ്പിച്ച ഹർജിക്കാണ്‌ മറുപടി. ഇന്ത്യയെന്ന ജനാധിപത്യ പരമാധികാര സംവിധാനത്തോട്‌ നേരിട്ട്‌ ഏറ്റുമുട്ടുന്നതാണ്‌ അവരുടെ ലക്ഷ്യങ്ങളും ആശയങ്ങളും. ഹിസ്‌ബുൾ, ലഷ്‌കർ തുടങ്ങിയ ഭീകരസംഘടനകൾ തങ്ങളുടെ ദേശവിരുദ്ധ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി സിമിയിൽ നുഴഞ്ഞുകയറി. 2001ലെ വിലക്കിനുശേഷവും സിമി പല രൂപത്തിലായി പ്രവർത്തനം തുടരുന്നുണ്ട്. രാജ്യത്തെ സമാധാനവും മതസൗഹാർദവും തകർക്കുകയാണ്‌ ലക്ഷ്യം–- സത്യവാങ്‌മൂലത്തിൽ കേന്ദ്രം അറിയിച്ചു. വിലക്കിനെതിരെ സംഘടനയുടെ ഭാരവാഹികൾക്ക്‌ മാത്രമാണ്‌ കോടതിയെ സമീപിക്കാമെന്നിരിക്കെ ഹർജിക്കാരന്റെ നിയമസാധുതയെയും കേന്ദ്രം ചോദ്യംചെയ്‌തു. Read on deshabhimani.com

Related News