വാർത്താ ഉറവിടം വെളിപ്പെടുത്തൽ ; മാധ്യമ പ്രവർത്തകർക്ക്‌ 
നിയമപരമായ 
സംരക്ഷണമില്ലെന്ന് ഡൽഹി കോടതി



ന്യൂഡൽഹി അന്വേഷണ ഏജൻസികൾക്ക്‌ മുന്നിൽ വാർത്താ ഉറവിടം വ്യക്തമാക്കുന്നതിൽനിന്ന്‌ രാജ്യത്ത്‌ മാധ്യമപ്രവർത്തകർക്ക്‌ നിയമപരമായ സംരക്ഷണമില്ലെന്ന്‌ ഡൽഹി കോടതി. തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട രേഖകൾ പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകർ വാർത്താ ഉറവിടം വെളിപ്പെടുത്താൻ വിസമ്മതിച്ചതിനാൽ കേസന്വേഷണം പൂർത്തിയാക്കാനായില്ലെന്ന സിബിഐ റിപ്പോർട്ട്‌ തള്ളിയാണ്‌ നിരീക്ഷണം. മുലായം സിങ്‌ യാദവിനും കുടുംബത്തിനും എതിരായ അമിത സ്വത്തുസമ്പാദന കേസ്‌ സുപ്രീംകോടതി പരിഗണിക്കുന്നതിന്‌ ഒരുദിവസംമുമ്പാണ്‌ ചില വാർത്താചാനലുകളും പത്രങ്ങളും ഇതുമായി ബന്ധപ്പെട്ട വാർത്ത നൽകിയത്‌. ഇതിൽ ഉൾപ്പെടുത്തിയിരുന്ന, സിബിഐയെ അപകീർത്തിപ്പെടുത്തുന്ന റിപ്പോർട്ട്‌ തയ്യാറാക്കിയ വ്യക്തികൾക്കെതിരെ കേസെടുത്തെങ്കിലും വിവരം ലഭിക്കാത്തതിനാൽ അന്വേഷണം പൂർത്തിയാക്കാനായില്ല. എന്നാൽ, കേസ്‌ അവസാനിപ്പിക്കാൻ സിബിഐ നൽകിയ റിപ്പോർട്ട്‌ തള്ളിയ ചീഫ്‌ മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട്‌ അഞ്ജനി മഹാജൻ ക്രിമിനൽ കേസുകളിൽ അന്വേഷണം പൂർത്തീകരിക്കാൻ ഉറവിടം വ്യക്തമാക്കാൻ മാധ്യമപ്രവർത്തകർ ബാധ്യസ്ഥരാണെന്ന്‌ പറഞ്ഞു. അന്വേഷണത്തിൽ ഇതിന്റെ പ്രാധാന്യം അന്വേഷണ ഏജൻസികൾ മാധ്യമപ്രവർത്തകരെ ബോധിപ്പിക്കണമെന്നും ജഡ്‌ജ്‌ പറഞ്ഞു. Read on deshabhimani.com

Related News