ബിജെപി രാജ്യത്തിന്റെ 
ആധാരശിലകളെ തകർക്കുന്നു : പിണറായി വിജയൻ



ഖമ്മം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ മറവിൽ ഇന്ത്യയെന്ന ആധുനിക രാഷ്ട്രത്തിന്റെ ആധാരശിലകളെപ്പോലും തകർക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെലങ്കാനയിലെ ഖമ്മത്ത്‌ ഭാരത്‌ രാഷ്‌ട്ര സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  പ്രതിപക്ഷ പാർടികളുടെ റാലിയിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയെ പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായാണ്‌  ഭരണഘടനയുടെ ആമുഖം സംവിധാനംചെയ്യുന്നത്‌.  എന്നാൽ  വിവിധ മാർഗങ്ങളിലൂടെ ഈ തത്വങ്ങളെല്ലാം അട്ടിമറിക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണെന്ന്‌ ഭരണഘടന വ്യക്തമാക്കുമ്പോൾ ഇന്ന്‌ രാജ്യം ഭരിക്കുന്നവർ രാജ്യത്തെ ഒരു അഖണ്ഡ രാജ്യമായാണ്‌ കാണുന്നത്‌. ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു യൂണിഫോം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ തുടങ്ങി കേന്ദ്രം ഉയർത്തുന്ന മുദ്രാവാക്യങ്ങളെല്ലാം ഫെഡറൽ സംവിധാനം തകർക്കാനാണ്‌. സംസ്ഥാനങ്ങളുടെ പട്ടികയിൽപ്പെട്ട വിഷയങ്ങളിൽ തുടർച്ചയായി നിയമനിർമാണം നടത്തുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായം കേൾക്കാതെ അവയുടെ അധികാരം കവരുന്ന ബില്ലുകൾ പാസാക്കുന്നു. പുത്തൻ മാർഗങ്ങളിലൂടെ ധനം സമാഹരിക്കാനുള്ള സംസ്ഥാനങ്ങളുടെ നീക്കങ്ങളും അട്ടിമറിക്കുന്നു. വായ്പാപരിധി നിയന്ത്രിക്കുന്നു. ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക്‌ ലഭിക്കേണ്ട ഫണ്ടും നിഷേധിക്കുന്നു. ബിജെപി–- ആർഎസ്‌എസ്‌ താൽപ്പര്യത്തെ എതിർക്കുന്ന, പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന തെലങ്കാനയും കേരളവുംപോലുള്ള സംസ്ഥാനങ്ങളെ സമ്മർദത്തിലാക്കാനാണ്‌ കേന്ദ്രസർക്കാരിന്റെ ശ്രമം. ജനജീവിതം ദുസ്സഹമാക്കുന്ന വർഗീയ–- നവ ഉദാര നയങ്ങളെ ചെറുക്കുകയാണ്‌ കേരളം. ജനക്ഷേമം ഉറപ്പാക്കി സമാധാന ജീവിതം നയിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ്‌ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News