ഇൻഷുറൻസ്‌: ഇരട്ട നഷ്ടപരിഹാരം സാധ്യമല്ല : സുപ്രീംകോടതി



ന്യൂഡൽഹി   ഇരട്ട ഇൻഷുറൻസ്‌ വഴി ലാഭം നേടുന്നത്‌ അനുവദിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി. നഷ്ടപരിഹാരം പൂർണമായും ഒരു ഇൻഷുറൻസ്‌ സ്ഥാപനം നൽകിയെങ്കിൽ രണ്ടാമത്തെ സ്ഥാപനത്തിന്‌ ക്ലെയിം നിരാകരിക്കാമെന്ന്‌ ജസ്റ്റിസുമാരായ യു യു ലളിത്‌, എസ്‌ രവീന്ദ്ര ഭട്ട്‌, പി എസ്‌ നരസിംഹ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്‌ വ്യക്തമാക്കി. യുണൈറ്റഡ്‌ ഇന്ത്യ ഇൻഷുറൻസ്‌ കമ്പനിയും ലെവിസ്‌ സ്‌ട്രോസ്‌ ഇന്ത്യയും തമ്മിലുള്ള കേസിലാണ്‌ വിധി. ലെവിസ്‌ സ്‌ട്രോസ്‌ 2007–-08ൽ ശേഖരിച്ച ചരക്കുകൾ യുണൈറ്റഡ്‌ ഇന്ത്യയിൽ ഇൻഷുർ ചെയ്‌തിരുന്നു. ഇവരുടെ മാതൃകമ്പനി ലെവിസ്‌ സ്‌ട്രോസ്‌ ആഗോളതലത്തിൽ അലയൻസ്‌ ഗ്ലോബലിലും ഇൻഷുർ ചെയ്‌തു. 2008ൽഗോഡൗൺ കത്തിനശിച്ചതിന്‌ നഷ്ടപരിഹാരമായി അലയൻസിൽനിന്ന്‌ 19.52 കോടി രൂപ ലഭിച്ചു. വീണ്ടും നഷ്ടപരിഹാരമായി 12.2 കോടി രൂപ ആവശ്യപ്പെട്ട്‌ ലെവിസ്‌ സ്ട്രോസ്‌ യുണൈറ്റഡ്‌ ഇന്ത്യയെ സമീപിച്ചു.   അലയൻസ്‌ നഷ്ടപരിഹാരം ചൂണ്ടിക്കാട്ടി യുണൈറ്റഡ്‌ ഇന്ത്യ അപേക്ഷ തള്ളി. ഇതിനെതിരെയാണ്‌ ലെവിസ്‌ സ്‌ട്രോസ്‌ സുപ്രീംകോടതിയിൽ എത്തിയത്‌. Read on deshabhimani.com

Related News